കോട്ടയം: വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് പണയം വച്ച് പണം തട്ടുന്ന സംഘത്തിന് വർഷങ്ങളുടെ പഴക്കം. 2014 ൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിലാണ് വാഹനം പണയം വച്ച് തട്ടിപ്പ് നടത്തുന്നതായി ജില്ലയിൽ ആദ്യ പരാതി ഉയർന്നത്. ഇപ്പോൾ അറസ്റ്റിലായവരുടെ സംഘത്തിലുള്ളവർ തന്നെയായിരുന്നു അന്നും പ്രതിസ്ഥാനത്ത് . എന്നാൽ, പണയം വച്ച വാഹനം തിരികെ നൽകിയതോടെ കേസ് ഒത്തു തീർപ്പായി. അഞ്ചു വർഷത്തിന് ശേഷം 24 വാഹനങ്ങളുമായി നാലു പ്രതികൾ പിടിയിലായതോടെയാണ് തട്ടിപ്പ് സംഘം എത്രത്തോളം വലുതായെന്ന് പൊലീസിനും വ്യക്തമായത്.
ഏറ്റവും കൂടുതൽ വാഹനങ്ങൾ പ്രതികൾ തട്ടിയെടുത്തത് കോട്ടയം ജില്ലയിൽ നിന്നാണ്. പ്രവാസികൾക്ക് വാടകയ്‌ക്ക് നൽകാനെന്ന പേരിൽ പതിനഞ്ച് ദിവസത്തേയ്‌ക്കാണ് വാഹനങ്ങൾ എടുക്കുന്നത്. ജില്ലയിൽ ഇതുവരെ നൂറിലേറെ വാഹനങ്ങൾ ഇത്തരത്തിൽ എടുത്ത് പണയം വയ്‌ക്കുകയും, റെന്റിന് നൽകുകയും ചെയ്‌തതായി കണ്ടെത്തി. ഇന്നോവ, സ്വിഫ്റ്റ്, ക്വാളിസ് എന്നിവ അടക്കമുള്ള ആഡംബര വാഹനങ്ങളാണ് വാടകയ്‌ക്കെടുക്കുന്നതിൽ ഏറെയും. പ്രതികളിൽ കോട്ടയം സ്വദേശികളായ അരുണും ജസ്റ്റിനുമാണ് വാഹനങ്ങൾ വാടകയ്‌ക്ക് എടുക്കുന്നത്. ഇവരുടെ കൈയിൽ നിന്ന് വാഹനങ്ങൾ പണയമെടുത്ത് പണം നൽകുന്നവരാണ് ഇർഫാനും ദിലീപും. യാതൊരു രേഖകളുമില്ലാതെ, മറ്റൊരാളുടെ വാഹനം പണയം എടുത്തതിനാണ് ഇരുവരെയും പിടികൂടിയത്.
പരാതി വന്നപ്പോൾ വാഹനം ഉപേക്ഷിച്ചു
വാഹനം തട്ടിയെടുത്ത് പണയം വച്ചതായി പരാതി വന്നതോടെ വാഹനം ഉപേക്ഷിച്ച ശേഷം ഉടമയെ വിളിച്ചു പറഞ്ഞ സംഭവങ്ങളും ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കോട്ടയം ഡിവൈ.എസ്.പി ഓഫീസിൽ പരാതിയുമായി വാഹന ഉടമ എത്തിയപ്പോൾ, വാഹനവും താക്കോലും കളക്‌ടറേറ്റ് വളപ്പിൽ ഉപേക്ഷിച്ച ശേഷം വിവരം ഉടമയെ വിളിച്ചറിയിച്ചു. വാഹനം തിരികെ ലഭിച്ചതോടെ ഇയാൾ പരാതി പിൻവലിച്ചു. മറ്റൊരു വാഹനം ആലുവ റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ സൈഡ് വിൻഡോ പാതി താഴ്‌ത്തിയ ശേഷം താക്കോൽ ഉള്ളിൽ ഇടുകയായിരുന്നു. തുടർന്ന് ഉടമയെ വിളിച്ചറിയിച്ചു. വാഹനം ലഭിച്ചതോടെ അയാളും പരാതി പിൻവലിച്ചു. നഗരത്തിൽ നിന്ന് വാടകയ്‌ക്ക് എടുത്ത് തൃശൂരിൽ പണയം വച്ച വാഹനം രണ്ടര ലക്ഷം രൂപ നൽകി ഉടമ തന്നെ തിരികെയെടുത്ത സംഭവവും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |