ന്യൂഡൽഹി: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് യു.എ.ഇ 700 കോടിയുടെ ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. യു.എ.ഇ അംബാസിഡർ അഹമ്മദ് അൽബന്നയാണ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യു.എ.ഇ അംബാസിഡർ ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ നഷ്ടം വിലയിരുത്താൻ യു.എ.ഇ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര ധനസഹായം നൽകാമെന്ന് പരിശോധിച്ച് വരികയാണെന്നും കേരളത്തെ സഹായിക്കുന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അൽ റാഷിദ് മക്തും ആണ് കേരളത്തിന് മരുന്നുകളും മറ്റു അവശ്യവസ്തുകളും ലഭ്യമാക്കാനായി പ്രത്യേക സമിതി രൂപീകരിച്ചിരിക്കുന്നത്. അല്ലാതെ സാമ്പത്തികസഹായം സംബന്ധിച്ച കാര്യങ്ങൾ യു.എ.ഇ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡർ വ്യക്തമാക്കുന്നു.
അതേസമയം, യു.എ.ഇയുടെ സഹായം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം അറിയിച്ചത്. വ്യവസായി യൂസഫലിയുമായി അബുദാബി കിരീടാവകാശി ഇക്കാര്യം സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |