തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ ചരിത്രത്തിലാദ്യമായി തിരുവോണ ദിവസം വിദേശമദ്യ ചില്ലറവിൽപനശാലകൾക്ക് അവധി. ബെവ്കോയുടെ 270 വില്പനശാലകളും കൺസ്യൂമർഫെഡിന്റെ മൂന്ന് ബിയർപാർലറുകളുൾപ്പെടെയുള്ള 36 ഷാപ്പുകളും അന്ന് അവധിയായിരിക്കും. ചതയദിനമായ തിങ്കളാഴ്ചയും ഇത്രയും ഷോപ്പുകൾ പ്രവർത്തിക്കില്ല.
ബെവ്കോയ്ക്ക് ഏറ്റവും വലിയ വില്പന കിട്ടുന്നത് ഉത്രാടം മുതൽ അവിട്ടം വരെയുള്ള ഓണക്കാല ദിവസങ്ങളിലാണ്. ജീവനക്കാരുടെ സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ് തിരുവോണദിവസത്തെ അവധി.
എന്നാൽ സംസ്ഥാനത്തെ ബാറുകൾ തിരുവോണത്തിനും പതിവുപോലെ പ്രവർത്തിക്കും. വിദേശ നിർമിതവിദേശ മദ്യം (എഫ്.എം.എഫ്.എൽ) അടുത്ത പ്രവൃത്തിദിവസം മുതൽ എല്ലാ ഷാപ്പുകളിലും വിതരണം ചെയ്യണമെന്ന് ബെവ്കോ നിർദ്ദേശിച്ചിട്ടുണ്ട്. പ്രിമിയം ഷാപ്പുകളിൽ മാത്രം ഇത് വില്പന നടത്തിയാൽ മതിയെന്നായിരുന്നു ആദ്യ തീരുമാനം. ആദ്യമമെത്തിയ 620 കെയ്സ് മദ്യം ഏറെക്കുറെ വിറ്റുതീർന്നു. 29-ാം തീയതി 850 കെയ്സുകൂടി എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |