യുഎഇയിൽ വിപിഎന്നിന് വിലക്കുണ്ടോ? നിയമത്തെക്കുറിച്ചും പിഴയെക്കുറിച്ചും പ്രവാസികൾ അറിയേണ്ടതെല്ലാം

Mon 09 Sep 2024 12:59 PM IST
vpn

അബുദാബി: ലോകമെമ്പാടും അനേകം പേർ ഉപയോഗിക്കുന്ന ഒന്നാണ് വിപിഎൻ അഥവാ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്. ഹോം ഇന്റർനെറ്റ് കണക്ഷനുമായി ബന്ധിപ്പിക്കുമ്പോൾ സുരക്ഷിതമായ സ്വകാര്യ നെറ്റ്‌വർക്ക് ഉപഭോഗത്തിന് സഹായിക്കുന്ന വിപിഎൻ ആപ്പുകളും പ്ളേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.

നെറ്റ്‌വർക്ക് ട്രാഫിക് എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ ഐപി അഡ്രസും ലൊക്കേഷനും മാസ്‌ക് ചെയ്യുകയാണ് ചെയ്യുന്നത്. മൂന്നാം കക്ഷി ട്രാക്കറുകൾ, ഇന്റർനെറ്റ് സേവന ദാതാക്കൾ, വെബ്‌സൈറ്റുകൾ, മാൽവെയറുകൾ, സ്‌പൈവെയറുകൾ എന്നിവയ്ക്ക് നിങ്ങളുടെ ഡാറ്റ ഉപയോഗം കണ്ടത്താതിരിക്കാൻ വിപിഎൻ സഹായിക്കുന്നു.

കോർപ്പറേറ്റ് ഡാറ്റ സുരക്ഷിതമാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട രീതികളിലൊന്നാണ് വിപിഎന്നുകളുടെ ഉപയോഗം. ഇന്ന് മിക്കവാറും കോർപ്പറേറ്റ് കമ്പനികളും വിപിഎന്നുകളുടെ സഹായത്താലാണ് പ്രവർത്തിക്കുന്നത്. എന്നാൽ യുഎഇയിൽ വിപിഎൻ ഉപയോഗത്തിന് വിലക്കുണ്ടെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാം.

യുഎഇയിൽ, ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആർഎ) മാർഗനിർദേശങ്ങൾ അനുസരിച്ച് വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിഡിആർഎ 2016 ജൂലായ് 31നാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. കമ്പനികൾ, സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയവർ തങ്ങളുടെ ആന്തരിക നെറ്റ്‌വർക്കുകൾ ആക്‌സസ് ചെയ്യാൻ വിപിഎൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ലെന്ന് ടിഡിആർഎ വ്യക്തമാക്കുന്നു. എന്നാൽ വിപിഎൻ ദുരുപയോഗം ചെയ്താൽ നടപടികൾ സ്വീകരിക്കുമെന്നും ടിഡിആർഎ ചൂണ്ടിക്കാട്ടി.

വിപിഎൻ ഉപയോഗിച്ച് യഥാർത്ഥ ഐപി അഡ്രസ് മറച്ചുവച്ച് കുറ്റകൃത്യങ്ങളും നിയമവിരുദ്ധമായ പ്രവർത്തനങ്ങളും ചെയ്യുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. ജയിൽ ശിക്ഷയോ 500,000 ദിർഹം മുതൽ 2,000,000 ദിർഹംവരെ പിഴയോ ഇത് രണ്ടുമോ അനുഭവിക്കേണ്ടതായി വരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

വിപിഎൻ ഉപയോഗിച്ച് നിരോധിത ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യുന്നതും, ബൈപ്പാസ് ചെയ്യുന്നതും നിയമവിരുദ്ധ ആശയവിനിമയ സേവനങ്ങൾ ഉപയോഗിക്കുന്നതും യുഎഇയിൽ കുറ്റകരമാണ്. കൂടാതെ യുഎഇയിൽ അംഗീകൃത വിപിഎന്നുകളുടെ പട്ടികയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

MORE NEWS
ഇക്കൂട്ടർ അമിതമായി ഉലുവ കഴിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി; ജനങ്ങൾക്ക് മുന്നറിയിപ്പ്
പ്രവാസികൾക്ക് ഈ സീസണിലും രക്ഷയില്ല, നാട്ടിലേക്ക് വന്നാൽ പോക്കറ്റ് കീറും; വിമാനനിരക്ക് ഉയരും
പ്രവാസികളേ, ഒഴിവുസമയങ്ങളിൽ ഇക്കാര്യം കൂടി ചെയ്യൂ; യുഎഇ ഗോൾഡൻ വിസ നേടിയെടുക്കാം
ഒരു കിലോമീറ്റര്‍ ഉയരം, നിര്‍മാണം ബിന്‍ ലാദന്റെ സഹോദരന്റെ സ്ഥാപനം; ബുര്‍ജ് ഖലീഫയുടെ റെക്കോഡ് തകരും
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.