ജയിൽ ചാടിയ ഗോവിന്ദച്ചാമി ലക്ഷ്യം വച്ചത് ഗുരുവായൂർ, വൻ കവർച്ചയ്ക്ക് പദ്ധതിയിട്ടു; മൊഴി പുറത്ത്

Fri 25 Jul 2025 03:54 PM IST
govindachamy

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിൽനിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമി ഇതിനായി ഒന്നരമാസത്തെ ആസൂത്രണം നടത്തിയെന്ന് പ്രാഥമിക മൊഴി. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ ഗോവിന്ദച്ചാമി നടത്തിയത്. ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നരമാസത്തോളം സമയമെടുത്തുവെന്ന് പ്രതി പറഞ്ഞു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവച്ചതായും മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്.

ജയിൽ ചാടിയശേഷം ഗുരുവായൂരിലെത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാൾ പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു. റെയിവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ തളാപ്പിൽ എത്തിയതെന്നും മൊഴി നൽകിയിട്ടുണ്ട്. ജയിലിനുള്ളിൽ വച്ച് പുറത്തുള്ള ചിലരുമായി ബന്ധപ്പെട്ടിരുന്നതായി ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തും. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ന് പുലർച്ചെയോടെയാണ് കണ്ണൂർ അതിസുരക്ഷാ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലിൽ ആൾത്താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്നാണ് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചത്. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.

MORE NEWS
മഴ കനക്കുന്നു, വ്യാപക നാശനഷ്ടം, നദികളിൽ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ്; അതീവ ശ്രദ്ധവേണം
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: അന്വേഷിക്കാൻ പ്രത്യേക സമിതി, നിർദേശം നൽകി മുഖ്യമന്ത്രി
ഇന്നത്തെ ഭാഗ്യം നിങ്ങൾക്കാണോ? കാരുണ്യ നറുക്കെടുപ്പ് ഫലം പുറത്ത്, ഒരു കോടി ഒന്നാം സമ്മാനം 
ദിവസങ്ങൾ നീണ്ട തിരച്ചിൽ, കല്ലടയാറ്റിൽ ചാടിയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.