കൽപറ്റ: വയനാട് വാഴവറ്റയിൽ കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ വീട്ടിൽ വർക്കിയുടെ മക്കളായ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ഫാമിന് ചുറ്റും സ്ഥാപിച്ച വെെദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം.
സഹോദരങ്ങൾ കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു.ഇരുവരെയും കാണാതായതോടെ നടത്തിയ തെരച്ചിലിനിടെയാണ് ഇരുവരെയും ഫാമിൽ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിനുവിന്റെ മൃതദേഹം കൽപറ്റ ജനറൽ ആശുപത്രിയിലും അനൂപിന്റെ മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പൊലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും കോഴി ഫാമിലെത്തി പരിശോധന നടത്തി.