'എൽഡിഎഫ് അധികാരത്തിൽ തുടരും, കോൺഗ്രസ് എടുക്കാച്ചരക്കാകും'; പാലോട് രവിയുടെ ഫോൺ സംഭാഷണം, വിശദീകരണം 

Sat 26 Jul 2025 02:30 PM IST
palode-ravi-

തിരുവനന്തപുരം: കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിൽ വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നൽകിയതെന്നും മണ്ഡലങ്ങളിൽ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും പാലോട് രവി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്.

'ഡിസിസി പ്രസിഡന്റായത് കൊണ്ട് പ്രവർത്തകർ വിളിക്കും. ഒരു സ്ഥലത്ത് നിന്ന് വിളിച്ചപ്പോൾ അവർ പരസ്പരം പരാതി പറഞ്ഞു. ഞാൻ അവരോട് പറഞ്ഞു, പഞ്ചായത്ത് ഇലക്ഷൻ ജയിക്കണം. എന്നാലേ നിയമസഭയിൽ നമുക്ക് ജയിക്കാൻ പറ്റൂ. പഞ്ചായത്ത് ഇലക്ഷൻ ജയിക്കണമെങ്കിൽ നിങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം. അവിടെയുള്ള ഭിന്നതകൾ എല്ലാം നിങ്ങൾ പറഞ്ഞുതീർക്കണം. നിങ്ങൾ എല്ലാവരും ഒരുമിച്ച് നിന്നാൽ അതാണ് പാർട്ടിയുടെ മുഖം. ഇതാണ് ഈ ജില്ലയിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷമായി സംഘടനാപരമായി താഴോട്ട് നൽകിക്കൊണ്ടിരിക്കുന്ന സന്ദേശം. അതുകൊണ്ട് ഭിന്നതയുണ്ടെങ്കിൽ, നിങ്ങൾക്ക് പഞ്ചായത്ത് ജയിക്കാൻ സാധിക്കില്ല. ഈ ഒരു സന്ദേശമാണ് താഴോട്ട് നൽകിയത്'- പാലോട് രവി പറഞ്ഞു.

പാലോട് രവിയുടെ ഫോൺ സംഭാഷണം
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാർട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോൺഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാമത് പോകും. നിയമസഭയിൽ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും.

കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. ഇതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും. മുസ്ലിം സമുദായങ്ങൾ വേറെ പാർട്ടിയിലേക്കും കുറച്ചുപേർ മാർക്സിസ്റ്റ് പാർട്ടിയിലേക്കും പോകും. കോൺഗ്രസിലുണ്ടെന്ന് പറയുന്നവർ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറുമെന്നും പാലോട് രവി പറഞ്ഞു.

നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ആത്മാർത്ഥമായി ഒറ്റൊരാൾക്കും പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ഛിന്നഭിന്നമാക്കും'

MORE NEWS
'ഉച്ചികുത്തി വീണു' ഫോൺ സംഭാഷണം വിനയായി പാലോട് രവി രാജിവച്ചു
'വിഎസിനെ ചതിച്ചതാണ്, ക്യാപ്പിറ്റൽ   പണിഷ്‌മെന്റ്   നൽകണമെന്നുപറഞ്ഞ നേതാവിന് ഉന്നത പദവികൾ ലഭിച്ചു'
യുഗതാരകം ; വി.എസ് നിത്യതയിൽ , മണ്ണിന്റെ പുത്രനെ അഗ്നി ഏറ്റുവാങ്ങി
തദ്ദേശ തിരഞ്ഞെടുപ്പ്: 2.66 കോടി വോട്ടർമാർ
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.