മഴ കനക്കുന്നു, വ്യാപക നാശനഷ്ടം, നദികളിൽ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ്; അതീവ ശ്രദ്ധവേണം

Sat 26 Jul 2025 04:03 PM IST

rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കൊച്ചിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കനത്ത മഴയെത്തുടന്ന് നെടുമ്പാശ്ശേരിയിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇടുക്കി അടിമാലി ഇരുമ്പുപാലം ഭാഗത്തും കനത്ത മഴയാണ്. നേര്യമംഗലം - അടിമാലി പാതയിൽ ഗതാഗതക്കുരുക്കാണ്. പാലക്കാട് വല്ലപ്പുഴയിൽ ആൽമരം വീണ് രണ്ട് വീടുകൾ തകർന്നു. തൃശൂരിൽ മിന്നൽച്ചുഴലിയുണ്ടായി. ഇരിങ്ങാലക്കുട പടിയൂരിൽ മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര കാറ്റത്ത് പറന്നുപോയി.

കണ്ണൂരിൽ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. താമരശ്ശേരി കട്ടിപ്പാറ താഴ്‌വാരത്താണ് മലവെള്ളപ്പാച്ചിലുണ്ടായത്. നാദാപുരത്തും വിലങ്ങാടും മിന്നൽച്ചുഴലി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു.

അഞ്ച് ദിവസം മഴ

ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ ഛത്തീസ്ഗഡിനും ജാർഖണ്ഡിനും മുകളിലായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു. നാളെയോടെ ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ പെയ്‌തേക്കും.

ഇന്ന് അതിശക്തമായ മഴയ്ക്കും ബുധനാഴ്‌ചവരെ ശക്തമായ മഴക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രളയ സാദ്ധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

ഓറഞ്ച് അലർട്ട്

പത്തനംതിട്ട: മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവിൽ (കോന്നി GD & കല്ലേലി സ്റ്റേഷൻ, തുമ്പമൺ സ്റ്റേഷൻ- CWC)

മഞ്ഞ അലർട്ട്

തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ)

കൊല്ലം: പള്ളിക്കൽ (ആനയടി സ്റ്റേഷൻ)

ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)

പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), പമ്പ (മടമൺ-CWC)

ഇടുക്കി : തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

MORE NEWS
 കോഓപ്പറേറ്റീവ് മാനേജ്മെന്റ് പ്രോഗ്രാം @ കാനഡ
സുരക്ഷയുടെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകർക്കല്ല: കെ.പി.എസ്.എച്ച്.എ
പള്ളിവാസൽ വിപുലീകരണ പദ്ധതി: ഉദ്ഘാടനം ഉടൻ
അടൂർ കാലാതിവർത്തിയായ ചലച്ചിത്രകാരൻ: പി.എസ്.ശ്രീധരൻപിള്ള
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.