വായ്പാ പലിശ ഇത്തവണ കുറച്ചേക്കില്ല

Sun 27 Jul 2025 12:00 AM IST
intrest

ധന നയത്തിൽ കരുതലോടെ നീങ്ങാൻ റിസർവ് ബാങ്ക്

കൊച്ചി: ജൂണിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വർഷത്തെ താഴ്ന്ന തലത്തിലെത്തിയെങ്കിലും അടുത്ത ധന നയ രൂപീകരണ യോഗത്തിൽ റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും വിപണിയിലെ പണലഭ്യതയും വിലയിരുത്തിയതിന് ശേഷം മുഖ്യ നിരക്കായ റിപ്പോ കുറയ്ക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്. ജൂണിൽ നാണയപ്പെരുപ്പം 2.1 ശതമാനമായി കുറഞ്ഞുവെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ല.

റിസർവ് ബാങ്കിന്റെ ധന നയ യോഗം ആഗസ്‌റ്റ് നാല് മുതൽ ആറ് വരെയാണ് നടക്കുന്നത്. നടപ്പു വർഷം ഫെബ്രുവരി മാസത്തിന് ശേഷം മൂന്ന് തവണയായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചിരുന്നു. ജൂണിലെ ധന ധന നയത്തിൽ റിപ്പോ നിരക്ക് അര ശതമാനം കുറച്ച് റിസർവ് ബാങ്ക് വിപണിയെ ഞെട്ടിച്ചിരുന്നു. ഇതോടൊപ്പം ബാങ്കുകളുടെ കരുതൽ ധന അനുപാതവും ഒരു ശതമാനം കുറച്ചിരുന്നു. ഇതിലൂടെ 2.5 ലക്ഷം കോടി രൂപയാണ് അധികമായി വിപണിയിലെത്തിച്ചത്.

ആശങ്കകൾ ഒഴിയുന്നില്ല

1. നാണയപ്പെരുപ്പം കുറഞ്ഞെങ്കിലും കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യ ഉത്പാദനത്തെ ബാധിക്കുമെന്നതിനാൽ വിലക്കയറ്റം വീണ്ടും വെല്ലുവിളിയാകും

2. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കാത്തതിനാൽ റിസർവ് ബാങ്ക് തിരക്കിട്ട് തീരുമാനമെടുക്കില്ല

3. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വളർച്ച നിരക്ക് 7.4 ശതമാനമായി ഉയർന്നതിനാൽ പലിശ കുറയ്ക്കാൻ തിടുക്കമില്ല

4. വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ കാർഷിക ഉത്പന്ന കയറ്റുമതി ഉയർത്തുന്നതിനാൽ വിലക്കയറ്റ ഭീഷണി ശക്തമാകും

നിലവിലെ റിപ്പോ നിരക്ക്

5.5 ശതമാനം

നേട്ടം പൂർണമായും കൈമാറിയെന്ന് റിസർവ് ബാങ്ക്

ജൂണിൽ റിപ്പോയിൽ വരുത്തിയ കുറവിന്റെ നേട്ടം വാണിജ്യ ബാങ്കുകൾ പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറിയെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. നാണയപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധത്തിൽ റിസർവ് ബാങ്ക് വിജയം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MORE NEWS
തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ഇന്ന്
സെന്റ് തോമസ് മൗണ്ട് ബസിലിക്കയിൽ ഇ- ഹുണ്ടി സ്ഥാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
വിഐടി ചെന്നൈയിൽ ദ്വിദിന ദേശീയ സമ്മേളനം
റബറിന് ക്ഷാമം, വില കുതിക്കുന്നു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.