തിരുവനന്തപുരം: പള്ളിവാസൽ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യ ഘട്ടത്തിലെ 37.5മെഗാ വാട്ട് ഉത്പാദനം 60മെഗാവാട്ടായി ഉയർത്തിയാണ് പദ്ധതി വിപുലീകരിച്ചത്. സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി ഉത്പാദന കേന്ദ്രമാണ് പള്ളിവാസലിലേത്. വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്റർ കഴിഞ്ഞവർഷം ഡിസംബർ 5നും രണ്ടാംനമ്പർ ജനറേറ്റർ ഡിസംബർ 24നും ഗ്രിഡുമായി ബന്ധിപ്പിച്ച് വാണിജ്യ ഉത്പാദനം ആരംഭിച്ചു. 159.898 മില്ല്യൺ യൂണിറ്റാണ് ഇതുവരെയുള്ള ഉത്പാദനം. സ്ഥാപിത ശേഷിയിൽ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണിത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിലാണ് വിപുലീകരണ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. 5.3312 ഹെക്ടർ സ്ഥലത്ത് 434.66 കോടി രൂപ ചെലവിലുള്ള നിർമ്മാണ പ്രവർത്തനമാണ് നടന്നിട്ടുള്ളത്.