ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചു. ഇന്നലെ രാവിലെ ഏഴിന് ജലനിരപ്പ് 2372.88 അടിയിൽ എത്തിയതോടെയാണിത്. 2373.30 അടിയാണ് ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ ജലനിരപ്പ്. പരമാവധി സംഭരണ ശേഷിയുടെ 67.21 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 16 അടി വെള്ളം കൂടുതൽ. 2403 അടിയാണ് പരമാവധി സംഭരണശേഷി.
കേന്ദ്ര ജലകമ്മിഷൻ നിശ്ചയിച്ച നിലവിലെ റൂൾലെവൽ അനുസരിച്ച് 2378.58 അടിയിലെത്തിയാൽ ഓറഞ്ചും 2389.58 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. ഇതിനുശേഷം ഡാം തുറക്കുന്ന നടപടികൾ ആരംഭിക്കും. 2380.58 അടിയാണ് അപ്പർ റൂൾ ലെവൽ. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 118.8 മില്ലി മീറ്രർ മഴയാണ് പെയ്തത്.
42.034 ദശലക്ഷം ഘനമീറ്റർ ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. ഒരു ദിവസം കൊണ്ട് രണ്ടടിയിലേറെയാണ് ജലനിരപ്പ് ഉയർന്നത്. ഇതിന് മുമ്പ് 2022ലാണ് അവസാനമായി ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്.
വൈദ്യുതി ഉത്പാദനം കൂട്ടി
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കാൻ മൂലമറ്റം പവർഹൗസിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കെ.എസ്.ഇ.ബി പരമാവധിയാക്കി. കഴിഞ്ഞ ദിവസം 17 ദശലക്ഷം യൂണിറ്റിലേറെ ഉത്പാദിപ്പിച്ചു. അടുത്ത കാലത്തെ റെക്കാഡ് ഉത്പാദനമാണിത്. ആറ് ജനറേറ്ററുകളും പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 64.727 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്.
മുല്ലപ്പെരിയാറിൽ
134.60 അടി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 134.60 അടിയിലെത്തി. 4294 ഘനയടി ജലമാണ് സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 1867 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.