ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം; കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടിന് സസ്‌പെൻഷൻ 

Mon 28 Jul 2025 10:12 AM IST
kannur-jail

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ ജോണിന് സസ്‌പെൻഷൻ. ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണവിധേയമായി നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്ന് രാത്രി ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ രജീഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സഞ്ജയ്, അഖിൽ എന്നിവരെയാണ് നേരത്തെ സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്തെ ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് സുരക്ഷാവീഴ്ചകൾക്ക് സാഹചര്യം ഒരുക്കുന്നതെന്ന് സൂചന. കണ്ണൂർ, വിയ്യൂർ, പൂജപ്പുര സെൻട്രൽ ജയിലുകളിലെ സ്ഥിതി പരിതാപകരമാണ്. 2022ൽ പ്രവർത്തനം തുടങ്ങിയ തവനൂരിലെ സെൻട്രൽ ജയിലാണ് അല്പമെങ്കിലും ഭേദം. 16 മണിക്കൂർ വരെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. ഇ ഓഫീസ് ജോലികൾ,വീഡിയോ കോൺഫറൻസിംഗ്, മിനിസ്റ്റീരിയൽ ജോലികൾ, മാനുഫാക്ചറിംഗ് യൂണിറ്റിലെ ജോലികൾ,കോടതി യാത്ര എന്നിവയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ സുരക്ഷ,നിരീക്ഷണ ഡ്യൂട്ടിക്ക് ആളില്ലാതാകും.

കണ്ണൂരിൽ ഗോവിന്ദച്ചാമിക്ക് ജയിൽചാടാനുള്ള എല്ലാ സാഹചര്യവും നിലനിന്നിരുന്നു. 24 മണിക്കൂറും നിരീക്ഷിക്കേണ്ട സിസിടിവി നോക്കാൻ ആളുണ്ടായിരുന്നില്ല. സെല്ലിന് അകത്തു കയറിയുള്ള പരിശോധനയും കൃത്യമായി നടന്നിരുന്നില്ല. പ്രശ്നക്കാരെ നിരന്തരം നിരീക്ഷിക്കാൻ റോന്തുചുറ്റുന്നവർ 10 മണിക്കൂറിലേറെ തുടരേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഇടയ്ക്ക് വിശ്രമിക്കുമായിരുന്നു. കേരളത്തിലെ ജയിലുകളിൽ 7367 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. നിലവിൽ 10,375 പേരുണ്ട്.

MORE NEWS
മാതാപിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല, എട്ടാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു
കോട്ടയത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; തെരച്ചിൽ ഊർജിതം
25 കോടിയുടെ ഭാഗ്യം ഇതുവരെ സ്വന്തമാക്കിയില്ലേ? 500 രൂപ മാത്രം മതി,​ തിരുവോണം ബമ്പർ വിപണിയിൽ
പൊട്ടിവീണ കമ്പിയിൽ നിന്ന് ഷോക്കേറ്റു; കാസർകോട് പശുവിനെ മേയ്‌ക്കാനിറങ്ങിയ വയോധികന് ദാരുണാന്ത്യം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.