കോഴിക്കോട്: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിയെ വിമർശിച്ച് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിക്കളാക്കിയതെന്നാണ് മുഖപ്രസംഗത്തിൽ പറയുന്നത്.
'റെയിൽവേ ഉദ്യോഗസ്ഥൻ തനിക്ക് കുറ്റവാളികളെന്ന് തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുണ്ടായിരുന്നവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചു വരുത്തുന്നു . പിന്നെ , പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ, നിർബന്ധിത മതപരിവർത്തനം , മനുഷ്യക്കടത്ത്. സ്ഥിര കുറ്റപത്രം'- എന്നാണ് എഡിറ്റോറിയലിൽ പറയുന്നത്. 'കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന'- എന്ന തലവാചകത്തോടെയുള്ളതാണ് ലേഖനം.
രണ്ട് കന്യാസ്ത്രീകളെയല്ല മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദികളാക്കിയതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 'തടയനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദികളാക്കിയത്.'- മുഖപ്രസംഗത്തിൽ പറയുന്നു. ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരെ 4316 അക്രമസംഭവഭങ്ങൾ ഉണ്ടായെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവരാണ് വെള്ളിയാഴ്‌ച അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു. നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചിരുന്നു.