കോഴിക്കോട്: യമൻ ജയിലിലുള്ള മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകളിൽ പ്രതികരിക്കാതെ കേന്ദ്രം. കൂടുതൽ വിവരങ്ങൾ ലഭിച്ചതിനുശേഷം പ്രതികരിക്കാം എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. കേസിൽ മൂന്നാംകക്ഷി ഇടപെടുന്നത് ഗുണം ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.
താത്കാലികമായി നീട്ടിവച്ച വധശിക്ഷ റദ്ദാക്കാൻ സനയിൽ നടന്ന ഉന്നതതലയോഗം തീരുമാനിച്ചെന്നാണ് വിവരം. മദ്ധ്യസ്ഥ ചർച്ചകളിൽ നിർണായക തീരുമാനമുണ്ടായെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസും അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്നാണ് കാന്തപുരം അറിയിച്ചത്. നിമിഷപ്രിയയ്ക്ക് മാപ്പുനൽകാൻ ധാരണയായതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇളവിൽ ധാരണയായതായി യമൻ പണ്ഡിതൻ അറിയിച്ചു. യമൻ പണ്ഡിതനും ചർച്ചയിൽ പങ്കെടുത്തിരുന്നു. അതേസമയം, ദയാധനത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്നാണ് വിവരം.
ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീൾ തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമേ, നോർത്തേൺ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങൾ തുടർചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർചർച്ചകൾക്ക് ശേഷമായിരിക്കുമിത്. അതേസമയം വധശിക്ഷയ്‌ക്ക് പുതിയ തീയതി തീരുമാനിക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
ജൂലായ് 16ന് നിശ്ചയിച്ച നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് നീട്ടിവച്ചിരുന്നു. രണ്ടാംഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾകൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.