ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചില്ല, ഇടതുകൈക്ക് അസാമാന്യ കരുത്തെന്ന്  അന്വേഷണ  റിപ്പോർട്ട്

Tue 29 Jul 2025 08:12 AM IST
govindachami

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തുകടക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജയിൽച്ചാട്ടത്തിന് ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ല. സെല്ലിൽ തുണിയെത്തിയതിൽ ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. 28 ദിവസത്തോളം എടുത്താണ് സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയതെന്നാണ് വിവരം. ജയിൽ ചാടിയ ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. നിലവിൽ ഗോവിന്ദച്ചാമിയെ കൂടുതൽ സുരക്ഷയുള്ള വിയ്യൂർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

ഗോവിന്ദച്ചാമി പുറത്തു ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സെല്ലിലെ കമ്പിയുടെ താഴ്‌ഭാഗം മുറിച്ചുമാറ്റിയ ശേഷം ആ വിടവിലൂടെ നിരങ്ങി പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. സെല്ലിന് പുറത്തിറങ്ങിയതിന് ശേഷം മൂന്നുതവണയായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ എടുക്കുന്നതും കാണാം.

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തിരുന്നു. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം നമ്പർ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ജയിൽ വകുപ്പിന്റെ ആഭ്യന്തര അന്വേഷണവും പൂർത്തിയായിട്ടുണ്ട്. ഉത്തരമേഖല ഡിഐജി വി.ജയകുമാറാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഒരാൾക്കെതിരെ നടപടിക്ക് ശുപാർശയുമുണ്ട്.

MORE NEWS
കൊലക്കേസ് പ്രതികളാക്കി ജീവപര്യന്തത്തിന് ശിക്ഷിച്ച നിരപരാധികൾക്ക് സർക്കാർ അഞ്ച് ലക്ഷം നഷ്‌ടപരിഹാരം നൽകും
നിറപുത്തരി ബുധനാഴ്ച; പൂജകള്‍ക്കായി ശബരിമല നട തുറന്നു
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചുകയറി, ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമാണം; വിജിലൻസിന് പിന്നാലെ മാത്യു  കുഴൽനാടനെതിരെ ഇഡി അന്വേഷണം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.