കൊച്ചി: ചിന്നക്കനാലിൽ റിസോർട്ട് നിർമാണത്തിനായി സർക്കാർ ഭൂമി കയ്യേറിയെന്ന കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകും. സർക്കാർ ഭൂമി അനധികൃതമായി കെെവശം വച്ചതിന് റവന്യുവകുപ്പ് മാത്യു കുഴൽനാടനും സുഹൃത്തുക്കൾക്കുമെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുത്തിരുന്നു.
വിജിലൻസ് അന്വേഷണത്തിന് പുറമെയാണ് കേസിൽ ഇഡിയും അന്വേഷണം തുടങ്ങിയത്. ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടിൽ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും ഇഡി അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിൽ നിന്ന് ഇഡി ശേഖരിച്ചിട്ടുണ്ട്. 50 സെന്റ് സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചെന്നാണ് കേസ്.
വിജിലൻസ് കേസിലെ എട്ടാം പ്രതി ജെയ്മോൻ ജോസഫ്, ഒമ്പതാം പ്രതി യൂസഫ്, പത്താം പ്രതി ജെന്നിഫർ എന്നിവരെ ആദ്യഘട്ടത്തിൽ ഇഡി ചോദ്യം ചെയ്തു. മുൻ ഉടുമ്പൻചോല തഹസിൽദാർ പി കെ ഷാജിയാണ് വിജിലൻസ് കേസിലെ ഒന്നാം പ്രതി. മാത്യു കുഴൽനാടൻ എംഎൽഎ പതിനാറാം പ്രതിയാണ്. ചിന്നക്കനാൽ വില്ലേജിൽ 34/1 സർവേ നമ്പറിൽ ഉൾപ്പട്ട ഭൂമിയോട് ചേർന്നുള്ള അൻപത് സെന്റ് സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചത്.
അതേസമയം, ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ അറിയിച്ചു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും ആരോപണങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കേണ്ട ബാദ്ധ്യത തനിക്കുണ്ടെന്നും കുഴൽനാടൻ മാദ്ധ്യമത്തോട് പറഞ്ഞു.