കോഴിക്കോട്: മലപൊട്ടി വീടടക്കം കൊണ്ടുപോയപ്പോൾ കാട്ടാനയ്ക്കു മുന്നിൽ പെട്ടതിന്റെ നടുക്കുന്ന ഓർമ്മയിലാണ് സുജാത. മലവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപ്പെട്ട് പേരക്കുട്ടിയെ നെഞ്ചോടുചേർത്ത് കാടുകറിയപ്പോഴാണ് ആനയ്ക്കുമുമ്പിൽ അകപ്പെട്ടത്. ചൂരൽമല അങ്ങാടിയിൽ നിന്നു മുന്നൂറു മീറ്റർ അകലെയുള്ള അനിയലംചിറ വീട് ഇന്നില്ല. സുജാതയും മകൻ സുരേഷും സഹോദരി സുജിതയും മകൾ മൃദുലയും ഇപ്പോൾ മേപ്പാടി പഞ്ചായത്തിന്റെ ആശ്വാസകേന്ദ്രത്തിലാണ്. നടുക്കുന്ന ആ ദിനം വീണ്ടും ഓർമ്മിപ്പിക്കരുതെന്ന് പറഞ്ഞാണ് സുജാത സംസാരിച്ചത്.
'മകൻ സുരേഷ് മരപ്പണിക്കാരനാണ്. ജോലിയുമായി മേപ്പാടിയിലായിരുന്നു. അവന്റെ ഭാര്യ അവളുടെ വീട്ടിൽ. പുലർച്ചെ രണ്ടുമണിയോടെ മലവെള്ളം വന്ന് വീടെടുക്കുമ്പോൾ ഞാനും മകൾ സുജിതയും അവളുടെ കുഞ്ഞ് മൃദുലയും മാത്രം. വെള്ളത്തിൽ ഒലിച്ചൊലിച്ച് എവിടെയോ കരപറ്റി. പിന്നെ രക്ഷപ്പെടാനുള്ള നെട്ടോട്ടമായിരുന്നു. ചുറ്റും തേയിലത്തോട്ടങ്ങളുടെ കാടുകൾ. അതിലൂടെ ജീവനും കൊണ്ട് ഓടി. അപ്പോഴും കൈയിൽ കുഞ്ഞിനെ മുറുകെപ്പിടിച്ചിരുന്നു. കുറച്ച് ദൂരം പോയപ്പോൾ മൊത്തം കാട് മൂടി. മുന്നിൽ ഒരു കാട്ടാന. ഇത്രയും വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടോടിയവർക്ക് ഇനിയെന്ത് കാട്ടാനയെന്ന് കരുതി കൈകൂപ്പി നിന്നു. എത്രമണിക്കൂറുകൾ അങ്ങനെ നിന്നെന്നറിയില്ല. ഞങ്ങളെ ഒന്നും ചെയ്യാതെ കാട്ടാന മണിക്കൂറുകളോളം അരികിൽനിന്നു. എപ്പോഴോ കണ്ണടച്ചുപോയി. നേരം പുലർന്നപ്പോൾ ആനയുണ്ടായിരുന്നില്ല. രക്ഷാ പ്രവർത്തനത്തിനായി ഇറങ്ങിയവരാണ് ദുരിതാശ്വാസ കേന്ദ്രത്തിലെത്തിച്ചത്. പഞ്ചായത്തിന്റെ ഷെൽട്ടറിലാണ്. ഒരു വീട് പാസായിട്ടുണ്ടെന്നറിഞ്ഞു, ആശ്വാസം. ..."സുജാത പറഞ്ഞു.