കോഴിക്കോട്: ചൂരൽമല ദുരന്തത്തിൽ അച്ഛനും അമ്മയുമടക്കം ഒമ്പതുപേരെ നഷ്ടമായ ഹർഷ പുതിയ ജീവിതത്തിലേക്ക്. വരുന്ന ഏപ്രിലിൽ ഒപ്പം ജോലിചെയ്യുന്ന കണ്ണൂർ സ്വദേശിയുമായാണ് വിവാഹം. ചൂരൽമല ദുരന്തത്തിന് ഒരുവർഷമാവുമ്പോൾ ഉരുൾ വിട്ടുനൽകിയ സഹോദരിയെ നെഞ്ചോട് ചേർത്ത് എല്ലാം ഒരു ദുഃസ്വപ്‌നമായാണ് അവൾ ഓർക്കുന്നത്.
കുടുംബം കെട്ടിപ്പടുക്കാൻ യു.കെയിൽ നഴ്‌സായി പോയതിനാൽ ഹർഷയും കേഴിക്കോട്ട് പഠിക്കാനെത്തിയതിനാൽ സഹാദരി സ്‌നേഹയും രക്ഷപെട്ടു. തോട്ടം തൊഴിലാളിയായ അച്ഛൻ ബാലചന്ദ്രൻ, അമ്മ അജിത, ബാലചന്ദ്രന്റെ മൂത്ത സഹോദരൻ ഭാസ്‌കരൻ, ഇളയ സഹോദരൻ വിജയൻ, ഭാസ്‌കരന്റെ മകൾ സൗഗന്ധിക, വിജയന്റെ മകൻ നിഖിൽ കൃഷ്ണ, പിന്നെ കുഞ്ഞുങ്ങളടക്കം ഒമ്പതുപേർ.
ദുരന്തവിവരമറിഞ്ഞ് ആഗസ്റ്റ് ഒന്നിന് ഹർഷ നാട്ടിലേക്കെത്തി. മറ്റുള്ളവരുടെ മൃതദേഹങ്ങളെല്ലാം കിട്ടിയിട്ടും അച്ഛനേയും അമ്മയേയും കണ്ടെത്താനായില്ല. പത്തുദിവസം തെരച്ചിലുകാർക്കൊപ്പം ഹർഷയും ഇറങ്ങിയിരുന്നു. ഒടുവിൽ ഉള്ളുലച്ച വേദനയോടെ അവൾ ജോലി സ്ഥലത്തേക്ക് മടങ്ങി. രണ്ടുമാസം കഴിഞ്ഞാണ് അവരുടെ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞതെന്ന് ബന്ധു പ്രശോഭ് പറഞ്ഞു.