കോഴിക്കോട്: മഴക്കാലമായതോടെ ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നു. കാലിക്കറ്റ് സർവ്വകലാശാലയുടെ പരിസ്ഥിതി ശാസ്ത്ര പഠന വകുപ്പിന്റെ കെട്ടിട സമുച്ചയത്തിൽ നിരവധി ആഫ്രിക്കൻ ഒച്ചുകളാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. സസ്യജാലങ്ങളുടെ സർവനാശത്തിന് ശേഷിയുള്ള ഈ ഒച്ചുകൾ മനുഷ്യർക്കും ആപത്താണ്. മെനിഞ്ചെറ്റിസ് പോലുള്ള രോഗങ്ങൾ പടർത്തുന്ന വിരകളെ വഹിക്കുന്നത് കാരണമാണ് ഈ ഒച്ചുകൾ മനുഷ്യർക്ക് ഭീഷണിയാകുന്നത്.
ക്യാംപസിൽ പറ്റിപ്പിടിച്ച ആഫ്രിക്കൻ ഒച്ചുകളെ തുരിശ് ലായനി ഉപയോഗിച്ച് ഇല്ലാതാക്കി. എങ്കിലും പൂർണമായും നശിപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതിനായി മൂന്ന് വർഷത്തോളം പലതവണ കീടനാശിനി പ്രയോഗം വേണം. മറ്റ് കെട്ടിടങ്ങളിലെ ഇവയുടെ സാന്നിദ്ധ്യമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മേയിൽ ക്യാംപസിൽ ആഫ്രിക്കൻ ഒച്ചിനെ കണ്ടെന്ന് തോട്ടം തൊഴിലാളികൾ അറിയിച്ചിരുന്നെങ്കിലും അന്ന് സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നില്ല.
പുറംതോട് ശംഖ് പോലിരിക്കുന്നത് കുട്ടികളിൽ കൗതുകമുണ്ടാക്കാനിടയുള്ളതിനാൽ കരുതിയിരിക്കണം. പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല. ലോകത്തിലെ ഏറ്റവും വലിയ ഒച്ചെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് കൃഷിയുൾപ്പെടെ എന്തും നശിപ്പിക്കാൻ കഴിയും. ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങിയവയുടെ ഇലകൾ ഒച്ചുകൾ തിന്നുതീർക്കുകയാണെന്ന് കർഷകർ നേരത്തെ പരാതി പറഞ്ഞിരുന്നു.
കരുതൽ പ്രധാനം