തൃശ്ശൂർ: ആമ്പല്ലൂരിൽ ദേശീയ പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ, ടെമ്പോ, പിക്കപ്പ് വാൻ എന്നിവയായിരുന്നു കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബുധനാഴ്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം.
നിർമ്മാണത്തിലിരിക്കുന്ന ആമ്പല്ലൂർ അണ്ടർപാസിൽ അമിതവേഗതയിൽ എത്തിയ കാർ മുന്നിലുള്ള ടെമ്പോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലുള്ള പിക്കപ്പ് വാനിലേക്ക് ടെമ്പോ ഇടിച്ചു. തമിഴ്‌നാട് സ്വദേശികളായ കാർ യാത്രക്കാർക്ക് നിസാര പരിക്കുകളെന്നാണ് വിവരം.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള ദേശീയ പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.