വി.സി നിയമനത്തിൽ രാഷ്ട്രീയക്കളി വേണ്ട, ഉറച്ച ശബ്‌ദത്തിൽ സുപ്രീംകോടതി

എം.പി. പ്രദീപ്കുമാർ | Thu 31 Jul 2025 04:39 AM IST

jammu

സ്ഥിരം വി.സി നിയമനം ഉടൻ വേണം
ഗവർണറും സർക്കാരും യോജിച്ചു നീങ്ങണം

ന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന് സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. രാഷ്ട്രീയം കലർത്തരുത്. അത് വകവച്ചു തരില്ല. ഗവർണറും സർക്കാരും യോജിച്ചും സഹകരിച്ചും നീങ്ങണം. അധികാര വടംവലിയല്ല, വിദ്യാ‌ർത്ഥികളുടെ ഭാവിയും വിദ്യാഭ്യാസവുമാണ് പരമ പ്രധാനമെന്നും സുപ്രീംകോടതി പറഞ്ഞു.

ഇരു സർവകലാശാലകളിലെയും താത്കാലിക വി.സിമാരുടെ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ ഗവർണർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. വിവിധ സർവകലാശാലകളിലെ വി.സി നിയമനങ്ങളിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും സംസ്ഥാന സർക്കാരും പോര് തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്.

അനുയോജ്യരായ വ്യക്തികളെ വി.സിമാരായി നിയമിക്കേണ്ടത് പരമപ്രധാനമാണ്. നടപടികളിൽ സ്‌തംഭനാവസ്ഥയുണ്ടാകരുത്. യു.ജി.സി ചട്ടപ്രകാരമാകണമിത്. സർക്കാർ കൈമാറുന്ന ശുപാർശയും ഗവർണർ പരിഗണിക്കണം. വിദ്യാ‌ർത്ഥികളുടെ താത്പര്യം മനസിൽ വച്ചുകൊണ്ടാവണം ചാൻസലറായ ഗവർണറും സർക്കാരും പ്രവർത്തിക്കേണ്ടതെന്ന് കോടതി ഉപദേശിച്ചു. സ്ഥിരം വി.സിമാരെ നിയമിക്കുന്നതോടെ വിഷയം അവസാനിക്കുമെന്നും വ്യക്തമാക്കി. ഗവർണറുടെ ഹർജി ആഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും. വി.സി നിയമനത്തിലെ പുരോഗതി അന്ന് അറിയിക്കണമെന്നും ഇരുവിഭാഗത്തോടും നിർദ്ദേശിച്ചു.

സിസയും ശിവപ്രസാദും തുടരാൻ വഴിയൊരുങ്ങി

സ്ഥിരം വി.സിയെ നിയമിക്കുന്നതുവരെ ആറുമാസത്തേക്ക് താത്കാലിക വി.സിയെ നിയമിക്കാൻ ചാൻസലർക്ക് അധികാരമുണ്ട്. ഒന്നുകിൽ ഇപ്പോഴത്തെ താത്കാലിക വി.സിമാർ തുടരട്ടെയെന്ന് നിശ്ചയിച്ച് ഗവർണർക്ക് പുതിയ വിജ്ഞാപനമിറക്കാം. അല്ലെങ്കിൽ പുതിയ ആൾക്കാരെ താത്കാലിക വി.സിമാരായി നിയമിക്കാം. ഡോ. കെ.ശിവപ്രസാദിനെ എ.പി.ജെ. അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയിലും ഡോ. സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാലയിലും താത്കാലിക വി.സിയായി വീണ്ടും നിയമിച്ച് പുതിയ വിജ്ഞാപനമിറക്കാൻ ഇതോടെ കളമൊരുങ്ങി. ഈ രണ്ടുപേരുടെയും നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ആറുമാസത്തേക്ക് മാത്രമേ താത്കാലിക നിയമനം പാടുള്ളൂ. അതിനാൽ, ഇക്കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമില്ലെന്നും സുപ്രീംകോടതി നിലപാടെടുത്തു.

 ഗവ‌ർണർ, സർക്കാ‌ർ വാദങ്ങൾ

താത്കാലിക വി.സിമാരുടെ നിയമനത്തിന് സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് ഗവർണർ കോടതിയെ അറിയിച്ചു.

സംസ്ഥാന സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ, യു.ജി.സി ചട്ടങ്ങൾ വന്നതോടെ അപ്രസക്തമായി.

ഗവർണർ-സർക്കാർ അഭിപ്രായവ്യത്യാസം കാരണമാണ് സ്ഥിര വി.സി നിയമനം അനിശ്ചിതത്വത്തിലായതും താത്കാലിക വി.സിമാരെ നിയമിക്കേണ്ടിവന്നതും.

സ്ഥിര വി.സി നിയമനത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നി‌ർദ്ദേശം നൽകിയിരുന്നതാണെന്ന് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്‌ത ചൂണ്ടിക്കാട്ടി.

തങ്ങളെ കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ തടസഹർജി സമർപ്പിച്ചിരുന്നു.

MORE NEWS
നിലവാരവുമില്ല കൃത്യതയുമില്ല, സ്മാര്‍ട് സിറ്റി പദ്ധതിയിലെ ക്യാമറകള്‍ അത്ര പോരെന്ന് പൊലീസ്
വിദ്യാർത്ഥികൾക്ക് എച്ച് 1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു, നാളെ മുതൽ ഓൺലൈൻ ക്ലാസ്
ആറുലക്ഷം കുടുംബങ്ങൾക്ക് 15 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ്,​ വെളിച്ചെണ്ണ മുതൽ അരി വരെ എല്ലാ സാധനങ്ങളും ന്യായവിലയ്ക്ക്
'ദുരവസ്ഥ തുറന്നു പറഞ്ഞ ഡോക്ടര്‍ ഹാരിസിനോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു', വിമര്‍ശനവുമായി സണ്ണി ജോസഫ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.