പുരപ്പുറത്ത് കൊടുംചതി, കരടുചട്ടം നടപ്പായാൽ സോളാർ വൈദ്യുതിയിൽ 1000 രൂപവരെ മാസം നഷ്ടം

പി.എച്ച്.സനൽകുമാർ | Thu 31 Jul 2025 04:45 AM IST

solar

തിരുവനന്തപുരം: പുരപ്പുറസോളാർ ഉപഭോക്താക്കൾക്ക് പ്രതിമാസം 600 മുതൽ 1000 രൂപവരെ അധികബാദ്ധ്യതയുണ്ടാകുന്ന സ്ഥിതി വരുന്നു. സോളാർ വൈദ്യുതി ഇടപാടിൽ മാറ്റങ്ങൾ വരുത്തിയുള്ള സംസ്ഥാന വൈദ്യുതിറെഗുലേറ്ററി കമ്മിഷന്റെ കരട് ചട്ടം അംഗീകരിക്കുന്നതോടെ ഇത് നടപ്പിലാവും. അതിനുള്ള നീക്കം അവസാന ഘട്ടത്തിലാണ്.

നെറ്റ് മീറ്ററിംഗിലെ നിയന്ത്രണങ്ങൾ, പുരപ്പുറ സോളാർ വൈദ്യുതി ഗ്രിഡിലേക്ക് നൽകി തിരിച്ച് വൈദ്യുതി എടുക്കുന്നതിന് ഏർപ്പെടുത്തിയ ടൈംസോൺ ഫാക്ട‌ർ, ഗ്രിഡ് സപ്പോർട്ട് ചാർജ്, വാർഷിക സോളാർ ബാങ്കിംഗ് സെറ്റിൽമെന്റ് നിറുത്തലാക്കൽ എന്നിവ മൂലമാണ് നഷ്ടം സംഭവിക്കുക. ഇതോടെ സംസ്ഥാനത്തെ പുരപ്പുറ സോളാർപദ്ധതി അനാകർഷകമാകുന്ന സ്ഥിതിയാവും. രാജ്യത്ത് ഒരുകോടി വീടുകളിൽ പുരപ്പുറസോളാർ എത്തിക്കാൻ കേന്ദ്രസർക്കാർ പി.എം സൂര്യഘറിലൂടെ ലക്ഷ്യമിടുമ്പോഴാണ് കേരളത്തിലെ പ്രതികൂല സമീപനം.

2023ലെ കേന്ദ്രവൈദ്യുതി ചട്ടം അനുസരിച്ച് 10കിലോവാട്ട് വരെ നെറ്റ് മീറ്ററിംഗ് ഉപാധികളില്ലാതെ അനുവദിക്കാം. അയൽ സംസ്ഥാനമായ കർണാടകത്തിലും സോളാർ വൈദ്യുതി ഉത്പാദനത്തിൽ രാജ്യത്ത് ഒന്നാമത് എത്തിയ ഗുജറാത്തിലും ഒരുമാറ്റവുമില്ല.

അടിക്കടി കൂട്ടുന്ന വൈദ്യുതി താരിഫിൽ നിന്ന് രക്ഷപ്പെടാനാണ് ജനങ്ങൾ സോളാറിലേക്ക് മാറുന്നത്. കേന്ദ്രസർക്കാർ നൽകുന്ന സബ്സിഡിയാണ് ആകർഷണം. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വ്യവസ്ഥകളോടെ മാത്രമേ വാങ്ങുകയുള്ളുവെന്ന് വരുന്നത് സർക്കാരിനെ വിശ്വസിച്ച് സോളാർ ഉത്പാദനത്തിന് ഇറങ്ങിയവരെ വഞ്ചിക്കുന്നതാണെന്നാണ് ആക്ഷേപം.

സോൺ മൂലമുണ്ടാകുന്ന നഷ്ടം

രാവിലെ 6മുതൽ വൈകിട്ട് 6വരെയും വൈകിട്ട് 6മുതൽ രാത്രി 10വരെയും രാത്രി 10മുതൽ രാവിലെ 6വരെയുമായി മൂന്ന് ടൈം സോണുകളായാണ് തിരിച്ചിരിക്കുന്നത്. ഇതിൽ വൈകിട്ട് 6മുതൽ രാത്രി 10വരെയുള്ള സമയങ്ങളിൽ 0.67എന്ന ഫാക്ടറിലൂടെയും രാത്രി 10മുതൽ രാവിലെ 6വരെയുള്ള സമയത്ത് 0.85എന്ന ഫാക്ടറിലൂടെയും മാത്രമാണ് തിരിച്ചെടുക്കുക. നേരത്തെ പൂർണമായും ഉപാധികളില്ലാതെ എടുക്കാമായിരുന്നു.ഇതുമൂലം എനർജി ചാർജിൽ മാത്രം വരുന്ന അധികബാദ്ധ്യത ഇങ്ങനെ:

3കിലോവാട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ച് കിലോവാട്ടിന് ദിവസം ശരാശരി നാല് യൂണിറ്റ് ഉത്പാദിപ്പിക്കുന്ന,പൂജ്യം രൂപ എനർജി ചാർജ് കൊടുക്കുന്ന ഒരു പുരപ്പുറ ഉത്പാദകന് കരട് നിർദ്ദേശിക്കുന്ന 'സോൺ ഫാക്ടർ" കൊണ്ട് മാത്രം ഉണ്ടാകുന്ന ബാദ്ധ്യത പ്രതിമാസം 177രൂപയാണ്. ഇത് 4കിലോവാട്ട് പ്ളാന്റിന് 254രൂപയും 5കിലോവാട്ട് പ്ളാന്റിന് 329രൂപയും 10കിലോവാട്ട് പ്ളാന്റിന് 801 രൂപയും 20 കിലോവാട്ട് പ്ളാന്റിന് 2694 രൂപയും ആയി വർദ്ധിക്കും.

ബാങ്കിംഗ് സംവിധാനം ഒഴിവാക്കും

വൈദ്യുതി ബാങ്കിംഗ് സൗകര്യം നിറുത്തലാക്കുന്നതുമൂലം താരിഫ് പ്രകാരമുള്ള യൂണിറ്റ് നിരക്കും സെറ്റിൽമെന്റ് നിരക്കും തമ്മിലുള്ള വ്യത്യാസം മൂലമുണ്ടാകുന്ന ബാദ്ധ്യത കൂടും. യൂണിറ്റിന് രൂപ നിരക്കിൽ ഈടാക്കാൻ നിർദ്ദേശിക്കുന്ന ഗ്രിഡ് സപ്പോർട്ട് ചാർജും കൂടിചേർത്താൽ നഷ്ടം ഇരട്ടിയാകും.

താരിഫ് പ്രകാരമുള്ള യൂണിറ്റ് നിരക്കും സെറ്റിൽമെന്റ് നിരക്കും തമ്മിലുള്ള വ്യത്യാസം കൊണ്ടുള്ള ബാദ്ധ്യത ഇതിനു പുറമെയാണ്.

MORE NEWS
നിലവാരവുമില്ല കൃത്യതയുമില്ല, സ്മാര്‍ട് സിറ്റി പദ്ധതിയിലെ ക്യാമറകള്‍ അത്ര പോരെന്ന് പൊലീസ്
വിദ്യാർത്ഥികൾക്ക് എച്ച് 1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു, നാളെ മുതൽ ഓൺലൈൻ ക്ലാസ്
ആറുലക്ഷം കുടുംബങ്ങൾക്ക് 15 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ്,​ വെളിച്ചെണ്ണ മുതൽ അരി വരെ എല്ലാ സാധനങ്ങളും ന്യായവിലയ്ക്ക്
'ദുരവസ്ഥ തുറന്നു പറഞ്ഞ ഡോക്ടര്‍ ഹാരിസിനോട് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നു', വിമര്‍ശനവുമായി സണ്ണി ജോസഫ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.