നഷ്ടപരിഹാരം: ജില്ലാ സമിതികൾ ഒരുമാസത്തിനകം രൂപീകരിക്കണം
കൊച്ചി: മാറാരോഗവും ഗുരുതര മുറിവുകളുമുള്ള തെരുവുനായ്‌ക്കളുടെ ദയാവധത്തിനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. നായകടിയേറ്റവരുടെ നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കുന്നതിനുള്ള ജില്ലാതല സമിതികൾ മുഴുവൻ ജില്ലകളിലും ഒരു മാസത്തിനകം രൂപീകരിക്കണമെന്ന നിർദ്ദേശവും ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവിലുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, മൃഗ ജനന നിയന്ത്രണ ചട്ടം എന്നിവ അടിസ്ഥാനമാക്കി സുപ്രീം കോടതിയും ഹൈക്കോടതിയും നൽകിയ മാർഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയാൽ നായ ഭീതിക്ക് പരിഹാരമാകുമെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. പോരായ്മകൾ പരിഹരിക്കണമെന്ന് നിർദ്ദേശിച്ചാണ് ദയാവധം തടഞ്ഞത്.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശഭരണ ജോയിന്റ് ഡയറക്ടർ എന്നിവർ ജില്ലാതല സമിതികളിൽ അംഗങ്ങളാകും. ജസ്റ്റിസ് എസ്. സിരിജഗൻ കമ്മറ്റിയിൽ ശേഷിക്കുന്ന പരാതികൾ കേരള ലീഗൽ സർവീസസ് അതോറിറ്റി ഏറ്റെടുത്ത് ജില്ലാ സമിതികൾക്ക് കൈമാറണം. പുതിയ അപേക്ഷകളായി പരിഗണിച്ച് വേഗം തീർപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.
വിഷയത്തിൽ അഡ്വ. പി. ദീപക്കിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവിയേയും ദുരന്ത നിവാരണ അതോറിറ്റിയേയും സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു. നായ കടി, മൃഗങ്ങളോടുള്ള ക്രൂരത എന്നിവയിൽ ഒരു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ രണ്ടാഴ്ചയ്‌ക്കകം നൽകാൻ ഡി.ജി.പിയോട് നിർദ്ദേശിച്ചു. തെരുവുനായ്‌ക്കളുടെ കസ്റ്റോഡിയൻ തദ്ദേശ ഭരണ സെക്രട്ടറിമാരായതിനാൽ കേസുകൾക്ക് ഉത്തരവാദിയാകുമെന്ന് കോടതി നേരത്തേ വാക്കാൽ പരാമർശിച്ചിരുന്നു.