തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രതിസന്ധികൾ തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിനെതിരെ നടപടി. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡോക്‌ടറുടെ വെളിപ്പെടുത്തൽ സർവീസ് ചട്ടലംഘനമാണെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.
കാരണം കാണിക്കൽ നോട്ടീസ് ശിക്ഷാനടപടിയല്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. ഡോക്ടറിൽ നിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർനടപടികളിലേയ്ക്ക് കടക്കുമെന്നാണ് വിവരം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്‌ട്രൈക്കായി മാറിയിരുന്നു. ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ മുടങ്ങിയതോടെയായിരുന്നു ജനകീയ ഡോക്ടറുടെ പ്രതിഷേധം. 'എന്നെ പിരിച്ചുവിട്ടോട്ടെ, ഈ സർവീസ് മടുത്തു.' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ചികിത്സയ്ക്കായി മാസങ്ങളോളം കാത്തിരിക്കുന്നവരോട് ഡോക്ടർമാർ കൈമലർത്തുന്നു. എന്തുചെയ്യണമെന്നറിയാതെ പാവപ്പെട്ട രോഗികളും ബന്ധുക്കളും കഷ്ടപ്പെടുകയാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പുതേഞ്ഞു, ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല, ഉപകരണങ്ങളില്ലാത്തതിനാൽ തുടർച്ചയായി ശസ്ത്രക്രിയകൾ മാറ്റിവയ്‌ക്കേണ്ടിവന്നുവെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഡോക്‌ടറുടെ വെളിപ്പെടുത്തൽ വിവാദമായതോടെ മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചിരുന്നു. പിന്നാലെ മാറ്റിവച്ച ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ഹൈദരാബാദിൽ നിന്ന് വിമാനമാർഗമാണ് ഉപകരണങ്ങൾ എത്തിച്ചത്. അതേസമയം, ഹാരിസ് സത്യസന്ധനായ ഡോക്‌ടറാണെന്നും കഠിനാധ്വാനം ചെയ്യുന്നയാളാണെന്നും സംവിധാനങ്ങളുടെ പ്രശ്‌നമാണെന്നുമാണ് വിഷയത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ മുഖ്യമന്ത്രി ഡോക്‌ടറെ വിമർശിക്കുകയും ചെയ്തിരുന്നു.