കോഴിക്കോട്: വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കാണാതായ പതിനേഴുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വടകര തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തല്‍ ആദിഷ് കൃഷ്ണയാണ് മരിച്ചത്. ചാനിയം കടവ് പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
മേമുണ്ട ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർത്ഥിയാണ്. ആദിഷിനെ കഴിഞ്ഞ 28ാം തീയതി മുതൽ കാണാതായതായി രക്ഷിതാക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം ആദിഷ് വീട്ടില്‍ നിന്നും പോയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ആദിഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.