ആറുലക്ഷം കുടുംബങ്ങൾക്ക് 15 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യക്കിറ്റ്,​ വെളിച്ചെണ്ണ മുതൽ അരി വരെ എല്ലാ സാധനങ്ങളും ന്യായവിലയ്ക്ക്

Thu 31 Jul 2025 07:05 PM IST
supply-co-

തിരുവനന്തപുരം: ഈ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ വിപുലമായി പരിപാടികളുമായി സപ്ലൈകോ. കൃത്യമായ വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സപ്ലൈകോ വ്യക്തമാക്കി.

ഓണത്തോടനുബന്ധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന ഓണം മെഗാഫെയറുകളും 140 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഫെയറുകളും സംഘടിപ്പിക്കും. സംസ്ഥാന തല ഓണം ഫെയർ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26,​ 27 തീയതികളിൽ മറ്റു ജില്ലാ കേന്ദ്രങ്ങളിലും ജില്ലാ ഫെയറിന് തുടക്കമാകും.

ഉത്രാടം നാളായ സെപ്തംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട്ലെറ്റിനോടനുബന്ധമായി ഓണം ഫെയർ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകൾ ഓഗസ്റ്റ് 31 മുതൽ സ്റ്റെപംബർ 4 വരെയാണ്. വിപണിയിടപെടൽ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകൾ സംഘടിപ്പിക്കും. അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഇതിലൂടെ ഉൾപ്രദേശങ്ങളിലടക്കം എത്തിക്കാനാകും.

അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് ഓണക്കാലത്ത് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/ രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും.

വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ, സാധാരണക്കാർക്ക് മിതമായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കാൻ സപ്ലൈകോ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വെളിച്ചെണ്ണയ്ക്ക് പുതിയ ടെൻഡർ വിളിക്കുകകയും വിതരണക്കാരുമായി ചർച്ച ചെയ്ത് വില സംബന്ധിച്ച ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് ശബരി ബ്രാൻഡിൽ സബ്സിഡിയായും നോൺ സബ്സിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. സബ്സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയിലും അര ലിറ്റർ പായ്ക്കറ്റിന് 179 രൂപയിലും, സബ്സിഡിയിതര വെളിച്ചെണ്ണ 429 രൂപയിലും അര ലിറ്ററിന് 219 രൂപയിലും അധികരിക്കാതെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എം.ആ‍ർ.പിയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കും. സൺഫ്ളവർ ഓയിൽ , പാം ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയ മറ്റു ഭക്ഷ്യ എണ്ണകളും ആവശ്യാനുസരണം ലഭ്യമാക്കും.

എ.എ.വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകും. ഓഗസ്റ്റ് 18 മുതൽ സെപ്തംബർ 2 വരെയാണ് കിറ്റ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

MORE NEWS
700 കോടിയുടെ വെട്ടിപ്പ്: വസ്ത്രശാലകളിൽ ആദായനികുതി റെയ്ഡ്
കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം: മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ
കലാഭവൻ നവാസ് ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ
തിരു. ഡി.സി.സി പ്രസിഡന്റ് നിയമനം പിന്നാക്ക വിഭാഗത്തിന് നൽകണമെന്ന ആവശ്യം ശക്തം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.