തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സുരക്ഷ ക്യാമറകള്‍ക്കെതിരെ പൊലീസ്. ക്യാമറകള്‍ക്ക് പ്രതീക്ഷിച്ച അത്രയും നിലവാരവും കൃത്യതയുമില്ലെന്നാണ് കമ്മീഷണര്‍ പ്രതികരിച്ചത്. ക്യാമറകള്‍ പൊലീസ് പരിശോധിച്ചുവെന്നും ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ പറയുന്ന ഗുണനിലവാരമില്ലെന്നുമാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പകുതിയില്‍ അധികത്തിനും ഗുണനിലവാരമില്ലെന്നാണ് കണ്ടെത്തല്‍.
ഇക്കാര്യം സൂചിപ്പിച്ചുള്ള കത്ത് സിറ്റി പൊലീസ് കമ്മീഷണര്‍ സ്മാര്‍ട് സിറ്റി സിഇഒയ്ക്ക് നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി ചെന്നൈയിലുള്ള എംഎസ്പി എന്ന കമ്പനിയാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ നഗരത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറകളും സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകളുമാണുള്ളത്. അതിനിടെ ഗതാഗത നിയമലംഘനങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ക്ക് പൊലീസ് സ്മാര്‍ട് സിറ്റിയുടെ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് നിലവാരമില്ലായ്മ കണ്ടെത്തിയത്.
കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി നഗരത്തില്‍ ക്യാമറകള്‍ പൂര്‍ണമായി സ്ഥാപിച്ച് പൊലീസിന് കൈമാറുമെന്നാണ് നഗരസഭ മുമ്പ് നല്‍കിയ വാഗ്ദാനം. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് പൂര്‍ണമായി നടപ്പിലായിട്ടില്ല. നഗരസഭയുടെ ക്യാമറകള്‍ വഴിയുള്ള നിരീക്ഷണത്തിന്റെ തുടക്കം കുറിക്കുന്നതിനായി നിലവിലുള്ള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം പൊലീസ് ഘട്ടം ഘട്ടമായി നിര്‍ത്തിയിരുന്നു. പൂര്‍ണമായി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ പുതിയ സംവിധാനത്തിലേക്ക് മാറാന്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് പൊലീസിന് സമ്മര്‍ദ്ദമുണ്ടായിരുന്നു.
ചില ക്യാമറകള്‍ക്ക് 50 ശതമാനംപോലും കൃത്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ക്യാമറകള്‍ ക്യത്യത പാലിക്കാതെ കണ്‍ട്രോള്‍ റൂം ഏറ്റെടുക്കാനാകില്ലെന്ന് കാണിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ സ്മാര്‍ട്ട് സിറ്റി സിഇഒക്ക് കത്ത് നല്‍കി. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന 917 ക്യാമറകളില്‍ 236 ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.