കണ്ണൂർ: കണ്ണൂരിന്റെ സ്വന്തം 'രണ്ടു രൂപ ഡോക്ടർ" എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ഇന്നലെ ഉച്ചയ്‌ക്ക് പയ്യാമ്പലത്ത് സംസ്‌കരിച്ചു. കണ്ണൂർ താണയിലെ കണ്ണൂക്കര ക്ഷേത്രത്തിന് സമീപമായിരുന്നു താമസം. അരനൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം.
അവസാനമായി കാണാൻ വൻ ജനാവലിയാണ് ഡോ. രൈരുവിന്റെ വീട്ടിലെത്തിയത്. ഫീസ് 10 രൂപയാക്കിയെങ്കിലും ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകളേ രോഗികൾക്ക് കുറിച്ചിരുന്നുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായിരുന്നു. പിതാവ് ഡോ. എ. ഗോപാലൻ നമ്പ്യാർ കണ്ണൂരിലെ പ്രശസ്തനായ ഡോക്ടറായിരുന്നു. നാലു മക്കളും ഡോക്ടറായപ്പോൾ ഡോ. ഗോപാലൻ നൽകിയ ഉപദേശമാണ് രൈരുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. 'പണമുണ്ടാക്കാനാണെങ്കിൽ പാരയുമായി ബാങ്ക് പൊളിക്കാൻ പോയാൽ മതി. ഈ തൊഴിലിൽ നിൽക്കരുത്" എന്നായിരുന്നു ഉപദേശം.
18 ലക്ഷത്തിലേറെ രോഗികളെ പരിശോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തു നിന്നുൾപ്പെടെ കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ ചികിത്സയ്ക്കായി എത്തിയിരുന്നു.
ചികിത്സ നിറുത്തിയത് 2024ൽ
പുലർച്ച 2.15ന് എഴുന്നേറ്റ് തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച് പാൽ കറക്കുന്നതോടെയാണ് ഡോക്ടറുടെ ഒരു ദിവസം ആരംഭിച്ചിരുന്നത്. പുലർച്ചെ നാലുമുതൽ വൈകിട്ട് നാലുവരെയാണ് രോഗികളെ പരിശോധിക്കുക. പിന്നീടിത് രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെയാക്കി. 2024 മേയ് എട്ടിന് ഡോക്ടറുടെ വീടിന്റെ ഗേറ്റിൽ ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടു. 'എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ്' എന്നായിരുന്നു കുറിപ്പ്. പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മയാണ് അമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ.