കോൺക്ലേവിൽ വിവാദമായി അടൂരിന്റെ വാക്കുകൾ

Mon 04 Aug 2025 01:28 AM IST
conclave

തിരുവനന്തപുരം: സർക്കാർ ധനസഹായം കൊണ്ട് സിനിമയെടുക്കാനെത്തുന്ന പട്ടികജാതി, പട്ടിക വർഗക്കാർക്കും , സ്ത്രീകൾക്കും മൂന്നു മാസത്തെ പരിശീലനം നൽകണമെന്നും , എസ്.സി, എസ്.ടി വിഭാഗക്കാർക്ക് നൽകുന്ന ഒന്നരക്കോടി 50 ലക്ഷം വീതമാക്കി മൂന്നു പേർക്ക് വീതിച്ചു നൽകണമെന്നുമുള്ള വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ വിവാദമായി.

സംസ്ഥാന സിനിമാ നയ കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അടൂരിന്റെ പരാമർശം. ഒരു വിഭാഗം പ്രതിനിധികൾ അടൂരിന്റെ വാക്കുകൾ കേട്ട് കൈയ്യടിച്ചപ്പോൾ ,മറ്റൊരു വിഭാഗം അടൂർ ദളിതരെയും സ്ത്രീകളെയും അധിക്ഷേപിച്ചെന്നു പറഞ്ഞ് പ്രതിഷേധിച്ചു.മറുപടി പറഞ്ഞ മന്ത്രി സജി ചെറിയാൻ, അടൂരിന്റെ വാദങ്ങൾ ഭാഗികമായി തള്ളി.

' എസ്.സി, എസ്.ടി വിഭാഗക്കാർക്ക് പടമെടുക്കാൻ സർക്കാർ കൊടുക്കുന്ന തുക ഒന്നരക്കോടി രൂപയാണ്. ഒരിക്കൽ ഞാൻ മുഖ്യമന്ത്രിയോടു പറഞ്ഞു ,ഇത് ക്രമക്കേടിന് വഴിയുണ്ടാക്കുമെന്ന്. അതിന്റെ ഉദ്ദേശ്യം നല്ലതാണ്. പക്ഷേ ഇവർക്ക് മൂന്നു മാസത്തെ വിദഗ്ദ്ധ പരിശീലനം കൊടുക്കണം. കെ.എസ്.എഫ്.ഡി.സിയിൽ നിന്ന് പണം വാങ്ങി പടമെടുത്തവർക്കെല്ലാം പരാതിയാണ്. ‌ജനങ്ങളിൽ നിന്നും കരം പിരിച്ച പണമാണ് ഇങ്ങനെ ചെലവാക്കുന്നതെന്ന് അവരോടു പറയണം.ഇത് വാണിജ്യ സിനിമയെടുക്കാനുള്ള കാശല്ല. സൂപ്പർ താരത്തെ വച്ച് പടമെടുക്കേണ്ട പണമല്ല സർക്കാർ കൊടുക്കേണ്ടത്. അതു പോലെ,

സ്ത്രീയായതു കൊണ്ടു മാത്രം സിനിമയെടുക്കാൻ പണം കൊടുക്കരുത്. ബഡ്ജറ്റിംഗിൽ ഉൾപ്പെടെ പരിശീലനം നൽകണം.'--അടൂർ പറഞ്ഞു.

എന്നാൽ, ഇപ്പോൾ സിനിമ ഒന്നരക്കോടി കൊണ്ടൊന്നും എടുക്കാൻ പറ്റില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ മറുപടി. ഒന്നരക്കോടി കൊണ്ട് സിനിമയെടുത്ത ആളുകൾ വെള്ളം കുടിച്ചു കിടക്കുകയാണ്. പട്ടികജാതി -പട്ടികവർഗക്കാർക്ക് സിനിമയുടെ മുഖ്യധാരയിലേക്ക് വരാൻ കഴിഞ്ഞിട്ടില്ല. അതിന് ഈ സർക്കാരെടുത്ത ഏറ്റവും നല്ല തീരുമാനമാണ് ഒന്നരക്കോടി വച്ച് വർഷത്തിൽ അവർ രണ്ട് സിനിമ എടുക്കുക എന്നത്. .അതേ സമയം, പരിശീലനം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കും. അവർ ഇതു വരെ എടുത്തിട്ടുള്ളതെല്ലാം മൂല്യവത്തായ സിനിമകളാണെന്നും മന്ത്രി പറഞ്ഞു.

വളച്ചൊടിച്ചെന്ന്

അടൂർ

താൻ കോൺക്ളേവിൽ പറഞ്ഞ സദുദ്ദേശ്യപരമായ കാര്യം വളച്ചൊടിച്ചു വിവാദമാക്കാനാണ്

ശ്രമിച്ചതെന്ന് അടൂർ ഗോപാലകൃഷ്ണൻ കേരളകൗമുദിയോടു പറഞ്ഞു. സിനിമയെടുക്കാൻ പണം നൽകുമ്പോൾ അതിനുള്ള പരിശീലനം അത്യാവശ്യമാണ്. അതിന് എന്നെ സ്ത്രീ വിരുദ്ധനും ദളിത് വിരുദ്ധനുമാക്കി ചിത്രീകരിക്കുന്നു.കഷ്ടമെന്നല്ലാതെ എന്തു പറയാൻ-അടൂർ പറഞ്ഞു..

MORE NEWS
യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസിൽ ആഞ്ഞിടിച്ച് കാട്ടാന, പരിഭ്രാന്തി സൃഷ്ടിച്ചത് അരമണിക്കൂറോളം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി; രണ്ടാഴ്‌ചയ്‌ക്കിടെ കിട്ടിയത് ഏഴ് ഫോണുകൾ
നാല് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു; പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്ന് അമ്മ
കഴക്കൂട്ടത്ത് നിയന്ത്രണംവിട്ട കാർ എലിവേറ്റഡ് ഹൈവേയിലെ തൂണിലിടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടം റേസിംഗിനിടെ?
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.