തിരുവനന്തപുരം: സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നത് മാർ ഇവാനിയോസിലെ പൂർവ വിദ്യാർത്ഥികളാണെന്ന് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർത്ഥി സംഘടനയായ അമിക്കോസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ പ്രസിഡന്റിന്റെ ഓഫീസിലും ലോകബാങ്കിന്റെ തലപ്പത്തുമൊക്കെ മാർ ഇവാനിയോസിലെ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യമുണ്ടായിട്ടുണ്ട്. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർത്ഥികളുടെ പരിശ്രമത്തിൽ സയൻസ് ബ്ലോക്കിന് തറക്കില്ലിട്ടു. ഇന്ത്യയിൽ ഉപരിപഠനം നടത്താൻ സമർത്ഥരായ 25 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ക്ളിമീസ് ബാവ പറഞ്ഞു.
നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ അമിക്കോസിന്റെ പ്രസിഡന്റും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ജോർജ് ഓണക്കൂർ, ഇ.എം.നജീബ്, എബി ജോർജ്, നടന്മാരായ ജഗദീഷ്, നന്ദുലാൽ, നടി പ്രിയങ്ക, അഡ്വ.അമ്പിളി ജേക്കബ്,സുജു.സി.ജോസഫ്, റോണി റാഫേൽ,രാജീവ് ഒ.എൻ.വി,പ്രിൻസിപ്പൽ ഡോ.മീര ജോർജ് തുടങ്ങിയവർ പങ്കെടുത്തു. കോളേജിലെ ഓർമ്മകൾ കോർത്തിണക്കി ഡോ.ഷേർളി സ്റ്റുവർട്ട് നേതൃത്വം നൽകി തയാറാക്കിയ കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം ക്ലീമിസ് ബാവ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പോൾ മണലിലിന് നൽകി പ്രകാശനം ചെയ്തു. കോളേജിലെ പൂർവവിദ്യാർത്ഥികളായ ഗായകർ ഗാനമേള അവതരിപ്പിച്ചു.
ഇക്ബാൽ പ്രസന്റ് സർ..
'അക്കാലത്ത് ഇവാനിയോസിൽ അഡ്മിഷൻ കിട്ടുന്നത് വലിയ പ്രയാസമായിരുന്നു. പ്രേംനസീറിന് പോലും അഡ്മിഷൻ കിട്ടാത്ത കോളേജിലാണ് എനിക്ക് പഠിക്കാനായത്....'മാർഇവാനിയോസിലെ 1950 ബാച്ചിൽ പഠിച്ച 96കാരൻ മുഹമ്മദ് ഇക്ബാലിന്റെ വാക്കുകളിൽ പതിനേഴിന്റെ ചെറുപ്പവും ചുറുചുറുക്കും. അന്നിവിടെ ഇത്രയും കെട്ടിടങ്ങളും സൗകര്യങ്ങളുമൊന്നും ഇല്ല. 75വർഷത്തിനപ്പുറം ഇവിടെ നിൽക്കുമ്പോൾ അളവറ്റ അഭിമാനമുണ്ട്..'ഇക്ബാൽ പറഞ്ഞു.