കൊച്ചി: ഭീകരവിരുദ്ധ, രാജ്യവിരുദ്ധ കേസുകൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ 26. 47 ലക്ഷം രൂപ കൂടി അനുവദിച്ചു. രണ്ടാംഘട്ട സുരക്ഷാക്രമീകരണങ്ങൾക്കാണ് ഭരണാനുമതി കിട്ടിയത്.
ഇതിന്റെ ഭാഗമായി 24.47 ലക്ഷത്തിന്റെ നിരീക്ഷണ ക്യാമറകളും 2 ലക്ഷം രൂപയുടെ അഗ്നിശമനസംവിധാനങ്ങളും ഏർപ്പെടുത്തും. കലൂരിൽ രണ്ട് എൻ.ഐ.എ കോടതികളാണ് പ്രവർത്തിക്കുന്നത്. അഡിഷണൽ സെഷൻസ് കോടതികളുടെ ചുമതല കൂടി ഇവയ്‌ക്കുണ്ട്. സി.ബി.ഐ പ്രത്യേക കോടതിയും കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള പ്രത്യേക കോടതിയും (പി.എം.എൽ.എ) കലൂരിൽ പ്രവർത്തിക്കുന്നുണ്ട്. ഏതാനുംവർഷം മുമ്പ് നടത്തിയ സെക്യുരിറ്റി ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ കോടതികളുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്. ഒന്നാംഘട്ടത്തിൽ കോടതിവളപ്പിന് മതിൽ കെട്ടുകയും സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുകയും ബോംബ് സ്ക്വാഡിനെ അനുവദിക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷാഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും.