അപകടം ആഗസ്റ്റ് 6ന് ഫാക്ട് കൊച്ചിൻ ഡിവിഷനിൽ
കൊച്ചി: ഫാക്ട് കൊച്ചിൻ ഡിവിഷനിൽ റെയിൽവേയുടെ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അഡ്‌ഹോക്ക് ജീവനക്കാരൻ വരാപ്പുഴ ഒളനാട് മുപ്പറേപറമ്പിൽ സാമുവൽ ആന്റണി (24) മരിച്ചു.
ആഗസ്റ്റ് 6 ന് രാവിലെ 8 നായിരുന്നു അപകടം. ക്രാഫ്റ്റ്സ്മാൻ (ഫിറ്റർ കം മെക്കാനിക്കൽ) തസ്തികയിൽ താത്കാലിക ജോലിയിൽ പ്രവേശിച്ചിട്ട് ആറു മാസമേ ആയിരുന്നുള്ളൂ. വേണ്ടത്ര പരിശീലനം കൊടുക്കാതെ അപകടകരമായ ജോലി ചെയ്യിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന് ആക്ഷേപമുയർന്നു.
ഇരുമ്പനത്തു നിന്ന് കമ്പനിയുടെ ഉല്പന്നങ്ങൾ കൊണ്ടുപോകുന്നതിന് പ്രത്യേക റെയിൽവേ ലൈനുണ്ട്. പ്ലാറ്റ്ഫോമിൽ എത്തിയ ഡീഡൽ എൻജിൻ വൈദ്യതീകരിച്ച പാളത്തിൽ നിറുത്തിയിട്ട് മുകളിൽ കയറി വെള്ളം ഒഴിക്കുമ്പോൾ സാമുവൽ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഇലക്ട്രിഫൈഡ് ലൈനിൽ എൻജിൻ നിറുത്തിയിട്ട് വെള്ളം ഒഴിക്കാൻ പാടില്ലെന്ന ചട്ടം ലംഘിക്കപ്പെട്ടു. ലോക്കോ പൈലറ്റല്ലാത്ത, രണ്ടുവർഷത്തെ കാലാവധിയിൽ എടുത്തിട്ടുള്ള താത്കാലിക ജീവനക്കാരനെ ഈ ജോലി ഏല്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും വിദഗ്ദ്ധർ പറയുന്നു. വെടിപൊട്ടുന്നതുപോലെ ശബ്ദം കേട്ട് നോക്കുമ്പോൾ തീഗോളമായി ഒരാൾ നിലംപതിക്കുന്നത് കണ്ടെന്നാണ് തൊഴിലാളികൾ പറഞ്ഞത്. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സാമുവലിന്റെ പിതാവ് എം.ഡി. ആന്റണി സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്. മാതാവ്: വിജി. സഹോദരൻ: ഡാനിയൽ ആന്റണി . സംസ്കാരം ഇന്നലെ പുത്തൻ പള്ളി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി.
സഹായം നൽകണം
സാമുവലിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരംഗത്തിന് സ്ഥിര ജോലിയും കൊടുക്കാൻ മാനേജ്മെന്റ് തയാറാകണമെന്ന്
ഫാക്റ്റ് യുണൈറ്റഡ് എംപ്ലോയീസ് ലിബറേഷൻ യൂണിയൻ ജനറൽ സെക്രട്ടറി ടി.വി. സുജിത് ആവശ്യപ്പെട്ടു.