കൊച്ചി: ഭരണഘടനയുടെ ആമുഖം ഭേദഗതിചെയ്യാൻ മുറവിളി ഉയരുന്ന കാലത്ത് ഭരണഘടനയുടെ സംരക്ഷകരാകാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാംഗങ്ങളായ നിയമവിദഗ്ദ്ധർ പങ്കെടുത്ത ജൂറിസ്റ്റ്‌കോൺ 2025 പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു സഭാദ്ധ്യക്ഷൻ. സംവരണവും സംരക്ഷണവും ഇല്ലാതാക്കുന്ന സ്ഥിതി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകരായ അലക്‌സാണ്ടർ ജോർജ്, എം. സോണിയ എന്നിവർ നേതൃത്വം നൽകി. അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ പോളിക്കാർപ്പോസ് അദ്ധ്യക്ഷനായി. അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അഡ്വ. തോമസ് പോൾ റമ്പാൻ, ഫാ. ജേക്കബ് കുര്യൻ, ഫാ. സൈമൺ ജോസഫ്, ഫാ. ടിജു കെ. ഡാനിയേൽ എന്നിവർ സംസാരിച്ചു.