മത്സ്യമേഖലയിലും അന്യസംസ്ഥാന തൊഴിലാളികളുടെ ആധിപത്യം

പ്രത്യേക ലേഖകൻ | Thu 28 Aug 2025 12:06 AM IST
fidh1
സി.എം.എഫ്.ആർ.ഐയിൽ നടന്ന ശില്പശാല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാജ ജോസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കേരളത്തിലെ മത്സ്യബന്ധനമേഖലയിലും അന്യസംസ്ഥാനക്കാരുടെ ആധിപത്യം. കടലിൽ മീൻപിടിക്കുന്നവരിൽ 58 ശതമാനവും അന്യസംസ്ഥാന തൊഴിലാളികൾ. മീൻപിടുത്ത, വിപണന, സംസ്‌കരണ രംഗങ്ങളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ മുനമ്പം തുറമുഖത്താണ്. 78 ശതമാനം. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ സ്വദേശികളാണിവർ. സംസ്‌കരണ യൂണിറ്റുകളിൽ 50 ശതമാനവും വിപണനത്തിൽ 40 ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണ്.

തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ വരുമാനത്തിന്റെ 20 മുതൽ 30 ശതമാനം സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിർമ്മാണത്തിനും ചെലവഴിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികൾ 75 ശതമാനം വരെ നാട്ടിലേയ്‌ക്ക് അയ്ക്കുന്നു. തദ്ദേശീയരേക്കാൾ കുറഞ്ഞ വരുമാനമാണ് അന്യസംസ്ഥാന തൊഴിലാളികൾക്ക് ലഭിക്കുന്നത്.

വരുമാനക്കുറവ്, കടബാദ്ധ്യത, പ്രതികൂലകാലത്തെ തൊഴിലില്ലായ്മ, വായ്പാ പലിശയുടെ അഭാവം തുടങ്ങിയവയാണ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകൾ. സ്വത്വ പ്രതിസന്ധി, വിവേചനം, ഒറ്റപ്പെടൽ എന്നിവയാണ് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങൾ.

സ്വന്തംനാട്ടിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, കേരളത്തിലെ ഉയർന്ന വേതനം തുടങ്ങിയവയാണ് അന്യസംസ്ഥാന തൊഴിലാളികളെ ആകർഷിക്കുന്നത്.

പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമാണ് ഗവേഷണ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവസ്റ്റിഗേറ്റർ. കണ്ടെത്തലുകൾ സി.എം.എഫ്.ആർ.ഐയിൽ നടന്ന ശില്പശാലയിൽ അവതരിപ്പിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാജ ജോസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അദ്ധ്യക്ഷനായി.

ഡോ. ശ്യാം എസ്. സലിം, ഡോ. എ.ആർ. അനുജ, ഡോ. ടി. ഉമ മഹേശ്വരി എന്നിവർ സംസാരിച്ചു.

മത്സ്യമേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ആശങ്കകൾ ഏറ്റവും മികച്ച രീതിയിൽ പരിഹരിക്കുന്നതിനുള്ള നടപടികൾ പരിഗണനയിലാണ്.

ഡോ. മാജ ജോസ്

ഡെപ്യൂട്ടി ഡയറക്ടർ

ഫിഷറീസ് വകുപ്പ്

MORE NEWS
സ്വർണ വില കുതിച്ചു; ഡിസ്‌പ്ളെ പണിമുടക്കി
കേരളത്തെ നെറ്റ് സീറോ കാർബൺ എമിഷൻ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി
സ്കൂൾ കലോത്സവം
നായ്‌ക്കുഞ്ഞിന് രക്ഷകനായി യുവാവ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.