കൊല്ലം: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ 2024-25 വർഷത്തെ ബോണസ് നിലവിലുള്ള ഫെയർവേജസിന്റെ അടിസ്ഥാനത്തിൽ 8.33 ശതമാനം നിരക്കിൽ തൊഴിലാളികൾക്ക് നൽകാൻ തീരുമാനിച്ചു. ബോണസിന് പുറമെ 800 രൂപ വീതം ഓണം ഫെസ്റ്റിവൽ അലവൻസായി തൊഴിലാളികൾക്ക് നൽകാൻ തീരുമാനിച്ചു. ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത ചർച്ചയിൽ തൊഴിലുടമ പ്രതിനിധി എം.ഡി.രവി, ശശിധരൻപിള്ള, തൊഴിലാളി സംഘടനാ പ്രതിനിധികളായ കെ.ശിവരാജൻ (ബി.എം.എസ്), എൻ.രാജു (സി.ഐ.ടി.യു), അജിത്ത് അനന്ദകൃഷ്ണൻ (യു.ടി.യു.സി), കുരീപ്പുഴ ഷാനവാസ് (കെ.ടി.യു.സി) എന്നിവർ പങ്കെടുത്തു.