തൃശൂർ: യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസിനുമുന്നിൽ നിലയുറപ്പിച്ച് കാട്ടാനക്കൂട്ടം. ആനക്കയത്ത് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വന്ന ബസാണ് കാട്ടാനക്കൂട്ടത്തിന്റെ മുൻപിൽ പെട്ടത്. റോഡിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തിലെ ഒരാന ബസിൽ വന്നിടിക്കുകയായിരുന്നു.
ആനകളെ കണ്ട് ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ഒരാന ബസിന്റെ ബംപറിൽ വന്നിടിച്ചത്. ഇതോടെ ഡ്രൈവർ ബസ് റേയ്‌സ് ചെയ്യുകയായിരുന്നു. ശബ്ദവും വെളിച്ചവും കണ്ട കാട്ടാനകൾ പിന്നോട്ട് പോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യാത്രക്കാരിലൊരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ബംപറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അരമണിക്കൂറോളം കാട്ടാനക്കൂട്ടം റോഡിൽ നിലയുറപ്പിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.