കണ്ണൂർ: പെരിന്തട്ടയിൽ ആളൊഴിഞ്ഞ റോഡിൽ രണ്ടു പേർ വാഹനാപകടത്തിൽ മരിച്ച നിലയിൽ. എരമം കിഴക്കേകരയിലെ എം.എം. വിജയന്‍ (50), എരമം ഉള്ളൂരിലെ പി.കെ. രതിഷ് (40) എന്നിവരാണ് മരിച്ചത്. മേച്ചിറ പാടിയില്‍ അങ്കണവാടിക്ക് സമീപത്തുവച്ചായിരുന്നു അപകടം നടന്നത്. ഇരുവരും റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. നാട്ടുകാര്‍ ചേർന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അപകടം നടന്ന റോഡിന്റെ മറുവശത്ത് ബൈക്ക് അപകടത്തില്‍ ടി.പി. ശ്രീദുല്‍ (27 ) വീണുകിടക്കുന്നുണ്ടായിരുന്നു. ഇയാളെ ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേർ ബൈക്ക് കൂട്ടിയിടിച്ചാണോ മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് പൊലീസ് പറയുന്നു. ഇരുവരും റോഡിൽ കിടക്കുന്നത് കണ്ട് ബൈക്ക് വെട്ടിച്ചപ്പോഴാണ് തനിക്ക് അപകടം സംഭവിച്ചതെന്നാണ് ശ്രീദുൽ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. അപകടം കാരണം പൊലീസ് അന്വേഷിക്കുകയാണ്.