കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ ഫോറൻസിക് വിദഗ്ദ്ധ ഡോ. ഷെർളി വാസു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ കോളിളക്കം സൃഷ്‌ടിച്ച നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫോറൻസിക് സർജന്മാരിൽ ഒരാളാണ് ഡോ. ഷെർളി വാസു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്.
തൊടുപുഴ സ്വദേശിനിയായ ഷെർളി മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ചശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അദ്ധ്യക്ഷയായി ജോലി ചെയ്‌തുവരികയായിരുന്നു. 1979ൽ കോട്ടയം മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനവും.
ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ 1981ൽ ഔദ്യോഗിക സേവനമാരംഭിച്ച ഷെർളി വാസു രണ്ട് വർഷം തൃശൂരിലും വകുപ്പ് മേധാവിയായിരുന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പോടുകൂടി 1995ൽ ഉപരിപഠനത്തിനും ഷെർളിക്ക് അവസരം ലഭിച്ചു. തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി 'പോസ്റ്റ്‌മോർട്ടം ടേബിൾ' എന്ന പുസ്‌തകവും ഡോ. ഷെർളി രചിച്ചിട്ടുണ്ട്.