കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ കോൺസെൻട്രേഷൻ ക്യാമ്പുകളായി മാറുന്നു: രമേശ് ചെന്നിത്തല

Thu 04 Sep 2025 02:38 PM IST
ramesh-chennithala

തിരുവനന്തപുരം: കുന്നംകുളത്തെ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പൊലീസുകാർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അത്യധികം വേദനയോടെയാണ് കണ്ടതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മനഃസാക്ഷിയുള്ള ഒരാൾക്കും അംഗീകരിക്കാനാവാത്ത ഈ നടപടി കേരളാ പൊലീസിന് അപമാനകരമാണ്. ഒരു കാരണവുമില്ലാതെ യൂത്ത് കോൺഗ്രസ്സ് നേതാവിനെ പിടിച്ചുകൊണ്ടുപോയി, വഴിയിലും വാനിലും പൊലീസ് സ്റ്റേഷനിലും വെച്ച് ഇത്രയും ഭീകരമായി മർദ്ദിക്കുകയും കേൾവിശക്തി പോലും നഷ്ടപ്പെടുത്തുകയും ചെയ്തത് മനുഷ്യത്വരഹിതമാണ്. സുജിത്തിനെ ഞാൻ വിളിച്ചിരുന്നു. ഈ പതിനേഴാം തീയതി ആ യുവാവിന്റെ വിവാഹമാണ്. ഞാൻ പങ്കെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ കോൺസെൻട്രേഷൻ ക്യാമ്പുകളായി മാറുന്നു എന്നത് ദുഃഖകരമാണ്. ഇത് ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾക്ക് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥന്മാരെ സംരക്ഷിക്കാനുള്ള ഉന്നതതല ശ്രമങ്ങൾ ക്രൂരമാണ്. ഈ ഉദ്യോഗസ്ഥരെ ഉടൻ സർവ്വീസിൽ നിന്ന് പുറത്താക്കണം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മറുപടി പറയണം. മാതൃകാപരമായ നടപടി സ്വീകരിച്ചാൽ മാത്രമേ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളൂ." - രമേശ് ചെന്നിത്തല വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ്

ശബരിമല വിഷയത്തിൽ ആചാരലംഘനം നടത്തിയതിന് മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. അത് ചെയ്യാതെ ശബരിമലയിൽ സർക്കാർ നടത്തുന്ന 'ആഗോള അയ്യപ്പ സംഗമം' തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്ന് ചെന്നിത്തല വിമർശിച്ചു. "ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത്. ഇതിലൂടെ കേരളത്തിലെ മുഖ്യമന്ത്രി വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയും ശബരിമലയെ കലാപ കലുഷിതമാക്കുകയും ചെയ്തു. ശബരിമലയിൽ സ്ത്രീകളെ നിർബന്ധിച്ച് കയറ്റണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണ്. ഈ തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. തിരുത്തിയ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോ?" – അദ്ദേഹം ചോദിച്ചു.

ശബരിമലയിൽ വരുന്ന ഭക്തരെ 'പ്രിവിലേജ്ഡ് ക്ലാസ്സ്' എന്ന് തരം തിരിക്കാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. "ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ സന്നിധിയിൽ ഒരുപോലെയാണ്. അവിടെ ജാതിയോ മതമോ പ്രിവിലേജോ ഇല്ല. അതാണ് ശബരിമലയുടെ പ്രത്യേകത. ആയിരക്കണക്കിന് ഭക്തർക്കെതിരെ നാമജപ ഘോഷയാത്ര നടത്തിയതിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറുണ്ടോ എന്നും മുഖ്യമന്ത്രി വ്യക്തമാക്കണം." - ചെന്നിത്തല ആവശ്യപ്പെട്ടു.

യു.ഡി.എഫ് സർക്കാരാണ് ശബരിമലയിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തിയത്. നിലവിലെ സർക്കാരിന്റെ നിലപാടുകൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. ഭക്തജനങ്ങളെ കബളിപ്പിക്കാനും വഞ്ചിക്കാനുമുള്ള ഈ ശ്രമം കേരളത്തിലെ ജനങ്ങൾ പൂർണമായി തിരിച്ചറിയുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്തതിന് എനിക്കും ഉമ്മൻചാണ്ടിയും അടക്കം ഉള്ളവർക്കെതിരെ കേസ് ഉണ്ടായിരുന്നു. അവസാനം റാന്നി കോടതി ആണ് അത് തള്ളിയത്.

ഭക്തജനങളുടെ വികാരം വ്രണപ്പെടുത്തിയ സർക്കാരാണിത്. അതിൽ ജനങ്ങളോട് മാപ്പു പറയാതെ എന്തു കാണിക്കുന്നതും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് - ചെന്നിത്തല പറഞ്ഞു.

MORE NEWS
അയ്യപ്പസംഗമം സർക്കാർ പ്രായശ്ചിത്തമോ: ഷിബുബേബിജോൺ
കസ്റ്റഡി മർദ്ദനം; പ്രതിയായ പൊലീസുകാരന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; സംരക്ഷണം ഒരുക്കി പൊലീസ് 
ഏത് മൂഡ്... ഓണം മൂഡ്... ഏത് മൂഡ്... ഓണത്തിമിർപ്പ് മൂഡ്, എംഒടിയിൽ ഓണാഘോഷം തുടങ്ങി
നിയന്ത്രണംവിട്ട കാർ അഞ്ചുവാഹനങ്ങളെ ഇടിച്ചുതകർത്തു, മകളുടെ സ്‌‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയോധിക മരിച്ചു
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.