കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കുടുങ്ങിയ പണം തിരിച്ചുകിട്ടാനുള്ള നിക്ഷേപകരുടെ കാത്തിരിപ്പ് നീളും. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ വിറ്റഴിച്ച് ലഭിക്കുന്ന തുക നിക്ഷേപകർക്ക് തിരിച്ചു നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി ) സന്നദ്ധമാണെങ്കിലും ബാങ്ക് അധികൃതർ തുടർനടപടി സ്വീകരിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പ്രതികരിക്കാൻ ബാങ്ക് അധികൃതർ തയ്യാറായില്ല.
കരുവന്നൂരിന് ശേഷം ഇ.ഡി അന്വേഷിച്ച തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് തുക ഉടൻ തിരിച്ചുനൽകും. ഈ കേസിലെ പ്രതികളുടെ കണ്ടുകെട്ടിയ 1.08 കോടി രൂപയുടെ സ്വത്തുക്കൾ ബാങ്കിന് ഇ.ഡി കൈമാറിയിരുന്നു.
നിക്ഷേപത്തട്ടിപ്പുകളിൽ വിചാരണ പൂർത്തിയായ ശേഷമാണ് മുമ്പ് തുക തിരികെ നൽകിയിരുന്നത്. പി.എം.എൽ.എ നിയമം ഭേദഗതി ചെയ്‌തതോടെ, വകുപ്പ് എട്ട് (അനുച്ഛേദം 8) പ്രകാരം വിചാരണഘട്ടത്തിൽ തന്നെ നിക്ഷേപത്തുക തിരിച്ചു നൽകാനാകും.
നിക്ഷേപം ആവശ്യപ്പെട്ട് കരുവന്നൂർ സ്വദേശികളായ ഏഴുപേർ കൊച്ചിയിലെ പി.എം.എൽ.എ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കണ്ടുകെട്ടിയ സ്വത്തുക്കൾ ബാങ്കിന് കൈമാറാൻ തയ്യാറാണെന്ന് 2024 ഏപ്രിൽ 15ന് ഇ.ഡി കോടതിയെ അറിയിച്ചു. കഴിഞ്ഞ മേയ് 29ന് ബാങ്ക് കോടതിയിൽ സ്റ്റേറ്റ്മെന്റ് സമർപ്പിച്ചിച്ചെങ്കിലും കണ്ടുകെട്ടിയ സ്വത്തുക്കൾ ഏറ്റെടുക്കാൻ തയ്യാറാണെന്നോ അല്ലെന്നോ വ്യക്തമാക്കിയില്ല. ബന്ധപ്പെട്ട രേഖകൾ പരിശോധിക്കണമെന്നാണ് അറിയിച്ചത്. ഹർജിയിൽ അന്തിമ ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടില്ല.
കോടതി ആശ്രയം
കണ്ടുകെട്ടിയ സ്വത്തുക്കൾ വിറ്റഴിച്ച് നിക്ഷേപത്തുക തിരിച്ചുനൽകാൻ ഹൈക്കോടതി, പി.എം.എൽ.എ കോടതി എന്നിവയ്‌ക്ക് ഉത്തരവിടാം. നടപടികൾക്ക് അസറ്റ് ഡിസ്‌പോസിംഗ് കമ്മിറ്റിയെ (എ.ഡി.സി) കോടതി നിയോഗിക്കും. നിക്ഷേപകരുടെ അപേക്ഷകൾ പരിശോധിച്ച് നൽകേണ്ട തുക എ.ഡി.സി തീരുമാനിക്കും. സ്വത്തുക്കൾ ലേലം ചെയ്ത് ലഭിക്കുന്ന തുക നിക്ഷേപകർക്ക് കൈമാറാം.
കണ്ടുകെട്ടിയത് 128.81 കോടി
128.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ 54 പ്രതികളിൽ നിന്ന് ഇ.ഡി കണ്ടുകെട്ടിയത്. സ്ഥലങ്ങൾ, കെട്ടിടങ്ങൾ എന്നിവയ്‌ക്ക് ഇ.ഡി നിശ്ചയിച്ച മൂല്യത്തിനെക്കാൾ ഉയർന്ന തുക പൊതുവിപണിയിൽ വിറ്റഴിക്കുമ്പോൾ ലഭിക്കും. ചിട്ടിപ്പണം, നിക്ഷേപം തുടങ്ങിയവയ്‌ക്കായി വർഷങ്ങളായി കാത്തിരിക്കുന്ന നിക്ഷേപകർക്ക് തുക നൽകാൻ കഴിയും.