ഒന്നും രണ്ടും സ്ഥാനം കൊല്ലത്തിന്
തിരുവനന്തപുരം:പ്രതീക്ഷിച്ചതുപോലെ ഓണക്കാല മദ്യവില്പനയിൽ സംസ്ഥാനം മുൻകാല റെക്കാഡുകൾ തിരുത്തിക്കുറിച്ചു.ഓണത്തോടനുബന്ധിച്ച് 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റിലൂടെ വിറ്റുപോയത്.കഴിഞ്ഞ വർഷം 776 കോടി രൂപയെന്ന റെക്കാഡാണ് ഇതോടെ തിരുത്തിയത്.ഉത്രാട ദിനംമാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു.കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു.തിരുവോണ ദിവസം ബെവ്കോ അവധിയായിരുന്നു.ഉത്രാട ദിന വില്പനയിൽ കൊല്ലം കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ.1.46 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ നടന്നത്.1.24 കോടി രൂപയുടെ മദ്യം വിറ്റ കൊല്ലം ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്.1.11 കോടി രൂപയുടെ വിൽപ്പനയുമായി മലപ്പുറം എടപ്പാൾ ഔട്ട്‌ലെറ്റ് മൂന്നാം സ്ഥാനത്ത് ഉണ്ട്.തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്‌ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് (1.03 കോടി), കൊല്ലം കുണ്ടറ ഔട്ട്‌ലെറ്റ് (1 കോടി) എന്നിവയാണ് 4,5,6 സ്ഥാനങ്ങളിൽ.6 ഔട്ട്‌ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വിൽപ്പന നടന്നത്.ഇന്നലെ ഔട്ട്ലെറ്റുകൾ തുറന്നു.ഇന്ന് അവധിയാണ്.കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ സെപ്തംബർ നാലുവരെ 8962.97 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വഴി വിറ്റത്.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8267.74 രൂപയുടെ മദ്യം വിറ്റിരുന്നു.