തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിനെയും മകനെയും എസ്.ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിൽ പീച്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 2023 മേയ് 24 ന് നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.
ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വിവരാകാശ നിയമപ്രകാരം ദൃശ്യങ്ങൾക്ക് അപേക്ഷ നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും കുറ്റക്കാർക്കെതിരെ നടപടികൾ എടുത്തിട്ടില്ല. മർദ്ദിച്ച എസ്.ഐയെക്കൂടി പ്രതിചേർക്കാൻ ഔസേപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.