ശിവഗിരി: ലോകത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴി കാട്ടിയാണ് ഗുരുദേവ ദർശനമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗുരുവിന്റെ സന്ദേശം ശാശ്വത സത്യമാണ്. ഗുരുദർശനം കേരളത്തിന്റെയോ ഇന്ത്യയുടെയോ അതിരുകളിൽ ഒതുങ്ങുന്നതല്ലെന്നും, അത് സമസ്ത ലോകത്തിന്റേതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ സംഘടിപ്പിച്ച 171-മത് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാനം ചെയ്യുകയായിരുന്നു ഗവർണർ.
കുരുക്ഷേത്ര യുദ്ധഭൂമിയിൽ ബന്ധുക്കളോട് യുദ്ധം ചെയ്യുന്നതിൽ ആശയക്കുഴപ്പത്തിലായ അർജുനനെ ശ്രീകൃഷ്ണൻ ധർമ്മത്തിന്റെ പാതയിലേക്ക് നയിച്ചത് പോലെ, ഗുരുദേവനും സമൂഹത്തിന്റെ ആശയക്കുഴപ്പം നീക്കി ധാർമിക സന്ദേശം നൽകി.'യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത' എന്ന ദിവ്യാശ്വാസത്തിന്റെ ജീവനുള്ള പ്രതീകമായിരുന്നു ഗുരുദേവൻ. ധർമ്മം ആക്രമിക്കപ്പെടുമ്പോഴും സംസ്കാരം തകർക്കപ്പെടുമ്പോഴും എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഘട്ടംവരും. അത്തരം ഘട്ടങ്ങളിൽ ഭഗവാൻ അവതരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെ ഭഗവാന്റെ അവതാരമായാണ് ശ്രീനാരായണഗുരു വന്നിട്ടുള്ളത്.
ഗുരുവിന്റെ സന്ദേശങ്ങൾ ചടങ്ങുകളിലും വാക്കുകളിലും ഒതുക്കുകയല്ല, മറിച്ച് ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്. തികഞ്ഞ സാമൂഹിക പരിഷ്കർത്താവായിരുന്നു ഗുരു. അനീതിയും അനാചാരങ്ങളും ചോദ്യം ചെയ്ത് സമത്വവും മാനവികതയും എല്ലാവർക്കും മാന്യതയും ഉറപ്പിച്ചതാണ് ഗുരുവിന്റെ മഹത്തായ സേവനം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ആരാധനയ്ക്കും ആത്മീയ ഉന്നമനത്തിനും അവകാശമുണ്ടെന്ന് ഗുരുദേവൻ ബോദ്ധ്യപ്പെടുത്തി. മതങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ ധർമ്മം നമ്മെ ഒന്നിപ്പിക്കുന്നു. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ എന്ന ഗുരുവിന്റെ സന്ദേശം സഹജീവനത്തിന്റെ ആധാരമാണ്.ഗുരുവിന്റെ കരുണ മനുഷ്യരിലൊതുങ്ങിയിരുന്നില്ല, മൃഗങ്ങളിലേക്കും വൃക്ഷങ്ങളിലേക്കും നദികളിലേക്കും പ്രകൃതിയുടെ മുഴുവൻ ലോകത്തിലേക്കും വ്യാപിച്ചിരുന്നു. സമഗ്രവും കരുണാഭരിതവുമായ സമൂഹം സൃഷ്ടിക്കാനുള്ള ദർശനം ഗുരുവിനുണ്ടായിരുന്നു. അത് തന്നെയാണ് നമ്മുടെ ജനാധിപത്യത്തിന്റെയും ഭാരതീയ സംസ്കാരത്തിന്റെയും ആത്മാവെന്നും ഗവർണർ പറഞ്ഞു..
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗവർണറുടെ പത്നി അനഘ ആർലേക്കർ, വി. ജോയ്എം.എൽ.എ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി തുടങ്ങിയവർ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ,ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.