ന്യൂഡൽഹി: ജയന്തി ദിനത്തിൽ ശ്രീനാരായണഗുരുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അനുസ്മരിച്ചു. രാജ്യത്തിന്റെ സാമൂഹികവും ആത്മീയവുമായ മേഖലകളിൽ ഗുരു ദർശനം വരുത്തിയ സ്വാധീനം മോദി ചൂണ്ടിക്കാട്ടി. സാമൂഹിക പരിഷ്കരണത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള ഗുരുവിന്റെ ആഹ്വാനം തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ഗുരു പകർന്നുനൽകിയ കരുണയുടെയും സമത്വത്തിന്റെയും അറിവിന്റെയും കാലാതീതമായ സന്ദേശം ഭാരതത്തെ ശരിയായ പാതയിൽ നയിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. നിർഭയനായ സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.