'വിടി ബൽറാം രാജിവച്ചിട്ടില്ല, പാർട്ടി നടപടി സ്വീകരിച്ചിട്ടുമില്ല'; പിന്തുണയുമായി കെപിസിസി അദ്ധ്യക്ഷൻ 

Mon 08 Sep 2025 01:06 PM IST
vt-balram

തിരുവനന്തപുരം: വിവാദ ബീഡി ബീഹാർ പോസ്റ്റ് വിഷയത്തിൽ വിടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാമിനെതിരെ പാർട്ടി നടപടി സ്വീകരിച്ചിട്ടില്ലെന്നും രാജിവച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വാത്താക്കുറിപ്പിൽ വ്യക്തമാക്കി. ബൽറാമിനെ പോസ്റ്റിന്റെ പേരിൽ തേജോവധം ചെയ്യാൻ ശ്രമം നടക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.

'ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ ബൽറാം തുടരുന്നുണ്ട്. അദ്ദേഹം രാജിവയ്ക്കുകയോ പാർട്ടി നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വിവാദ പോസ്റ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ബൽറാം തന്നെയാണ്. ഡിജിറ്റൽ മീഡിയ സെല്ലിന്റെ പോസ്റ്റുകൾ തയ്യാറാക്കുന്നത് പാർട്ടി അനുഭാവികളായ പ്രൊഫഷണലുകളാണ്. സോഷ്യൽ മീഡിയ വിഭാഗം പുനഃസംഘടന പാർട്ടിയുടെ അജണ്ടയിലുണ്ട്'- സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം, ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് ഒഴിഞ്ഞിട്ടില്ലെന്ന് വിടി ബൽറാമും വ്യക്തമാക്കി. ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിടി ബൽറാം എന്ന ഈ ഞാൻ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എക്സ് പ്ലാറ്റ്‌ഫോം കൈകാര്യം ചെയ്യുന്ന ടീമിന്റെ ഭാഗത്തുനിന്ന് ഒരു പിഴവു വന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ അനുചിതമായ ആ പോസ്റ്റ് തിരുത്തിക്കുക എന്ന നിലയിലുള്ള സംഘടനാപരമായ ഇടപെടലാണ് എന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്നായറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

'കെപിസിസി വൈസ് പ്രസിഡണ്ട് എന്ന നിലയിൽ എന്നിലേൽപ്പിക്കപ്പെട്ട നിരവധി സംഘടനാപരമായ ചുമതലകളിലൊന്നാണ് സാമൂഹ്യ മാദ്ധ്യമ വിഭാഗത്തിന്റേത്. എന്നാൽ ആ ചുമതലയിൽ തുടർന്നുകൊണ്ട് അതിനായി കൂടുതൽ സമയം കണ്ടെത്താൻ കഴിയുന്നില്ല എന്ന വ്യക്തിപരമായ പരിമിതി ഞാൻ മാസങ്ങളായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഡിഎംസി ചെയർമാൻ സ്ഥാനത്ത് നിന്ന് വിടി ബൽറാം എന്ന ഈ ഞാൻ ഇതുവരെ മാറിയിട്ടോ മാറ്റപ്പെട്ടിട്ടോ ഇല്ല.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടേയും കെപിസിസി പുനഃസംഘടനയടേയുമൊക്കെ പശ്ചാത്തലത്തിൽ സാമൂഹിക മാദ്ധ്യമ വിഭാഗത്തിലും ആവശ്യമായ അഴിച്ചുപണികൾ ഉദ്ദേശിക്കുന്നുണ്ട്. അത് വേറെ കാര്യം. അതിൽ മാദ്ധ്യമങ്ങളെ അറിയിക്കേണ്ട വല്ലതുമുണ്ടെങ്കിൽ ഉചിതമായ സമയത്ത് പാർട്ടി തന്നെ അറിയിക്കും'- ബൽറാം അറിയിച്ചു.

MORE NEWS
സി.പി.ഐ വേദി കതിർ മണ്ഡപമായി: പ്രശാന്തിന് ജീവിതത്തിലും സീറ്റ് നൽകി ചിഞ്ചു
മുഖ്യമന്ത്രി മൂത്ത സഹോദരൻ: ഗവർണർ
'രാഹുലിന് പിന്തുണയേറി, പ്രതിഷേധങ്ങളെ ഭയക്കുന്നില്ല', പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാൻ ഡിസിസി
വെറുപ്പോ വിദ്വേഷമോ വിരോധമോ ഇല്ല; കെ സുധാകരന് മറുപടിയുമായി പ്രതിപക്ഷ നേതാവ്
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.