തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ജില്ലാ കോടതിയുടെ ഔദ്യോഗിക ഇമെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്ന് അധികൃതർ ഉടനടി നടപടി സ്വീകരിച്ചു. രണ്ടിടത്തും ബോംബ് സ്ക്വാഡും (ബിഡിഡിഎസ്) ഡോഗ് സ്ക്വാഡും സമഗ്രമായ പരിശോധനകൾ നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
വ്യാജ സന്ദേശം അയച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്., തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമർശങ്ങളും സന്ദേശത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ ചുമതലപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല, ക്ലിഫ് ഹൗസ്, രാജ്ഭവൻ, വിമാനത്താവളം, കോടതികൾ എന്നിവയുൾപ്പെടെ തലസ്ഥാനത്തെ പ്രധാനപ്പെട്ട പലയിടങ്ങളിലും സമാനമായ 28 വ്യാജ ഇമെയിലുകൾ മുമ്പും ലഭിച്ചിട്ടുണ്ട്.