തൃശൂർ: ഹോട്ടലുടമയെയും മകനെയും മർദിച്ച സംഭവത്തിൽ സിഐ പി വി രതീഷിന് കാരണം കാണിക്കൽ നോട്ടീസ്. സൗത്ത് റീജിയൺ ഐജി ശ്യാംസുന്ദർ നൽകിയ നോട്ടീസിൽ നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനും മറുപടി നൽകാനും 15 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. 2023 മേയ് 24ന് അന്നത്തെ പീച്ചി എസ്ഐ ആയിരുന്ന രതീഷ്, തൃശൂർ പട്ടിക്കാട് ലാലീസ് ഹോട്ടലിന്റെ മാനേജരെയും മകനെയും മർദിച്ചരുന്നു. ആരോപണ വിധേയനായ രതീഷ് ഇപ്പോൾ കൊച്ചി കടവന്ത്രയിൽ സി. ഐയാണ്.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരാൾ വ്യാജ പരാതി നൽകിയതിനെത്തുടർന്നായിരുന്നു മർദനം. രതീഷ് ഹോട്ടൽ മാനേജർ കെ പി ഔസേപ്പിനെ ഫ്ലാസ്ക് കൊണ്ടും കൈകൊണ്ടും മുഖത്ത് അടിക്കുകയും ചെയ്തു. ഇത് ചോദിക്കാൻ ചെന്ന ഇയാളുടെ മകനെയും മുഖത്ത് അടിച്ചിരുന്നു. അഡീഷണൽ എസ്‌പി ശശിധരന്റെ അന്വേഷണത്തിൽ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നോട്ടീസിനുള്ള രതീഷിന്റെ മറുപടിയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
ദിനേശൻ എന്നയാളെ ബിരിയാണി വായിൽ തിരുകി കൊല്ലാൻ ശ്രമിച്ചെന്ന് പരാതി ലഭിച്ചു. ഇത് ചോദിക്കുന്നതിനായി ഹോട്ടൽ മാനേജരെയും ഡ്രൈവറെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായും രതീഷ് പറയുന്നു. എന്നാൽ ഹോട്ടൽ ജീവനക്കാരെ താൻ മർദിച്ചിട്ടില്ലെന്നാണ് അഡീഷണൽ എസ്പിക്ക് മറുപടി നൽകിയത്.