ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖ പ്രയാണം പുന്നപ്ര- വയലാർ സമരത്തിന്റെ സ്മരണകൾ ഇരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ചു. സംസ്ഥാന അസി.സെക്രട്ടറി ഇ.ചന്ദ്രശേഖരനിൽ നിന്നും ദീപശിഖ ജാഥ ക്യാപ്റ്റൻ എൻ.അരുൺ ഏറ്റുവാങ്ങി. ഇന്നു രാവിലെ 10ന് പ്രതിനിധി സമ്മേളന നഗറിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും.
ദേശീയ രാഷ്ട്രീയത്തിൽ ഏറ്റവും പ്രയാസകരമായ സാഹചര്യം നിലനിൽക്കുന്ന ഘട്ടമാണിതെന്ന് ഇ.ചന്ദ്രശേഖരൻ പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താൻ സി.പി.ഐക്ക് ഉത്തരവാദിത്വമുണ്ട്. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.