ശിവഗിരി: ഗുരുദേവൻ ബോധാനന്ദ സ്വാമികളെ അനന്തരഗാമിയായി അഭിഷേകം ചെയ്തതിന്റെ ശതാബ്ദി പ്രമാണിച്ച് സെപ്റ്റംബർ 25, 26, 27 തീയതികളിൽ പ്രഭാഷണ പരമ്പര ശിവഗിരിയിൽ നടക്കും. ഗുരുദേവന്റെ സന്യസ്ത ഗൃഹസ്ഥ ശിഷ്യ പരമ്പരയെക്കുറിച്ചാണ് പ്രഭാഷണങ്ങൾ . രാവിലെ മുതൽ രാത്രി വരെ നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര ആചാര്യ സ്മൃതിയായിട്ടാണ് ശിവഗിരി മഠം വിഭാവനം ചെയ്യുന്നത്.
25ന് ബോധാനന്ദസ്വാമിയുടെ 98-ാമത് മഹാസമാധിദിനവും ശ്രീനാരായണ മാസാചരണ ധർമ്മചര്യായജ്ഞത്തിന്റെ സമാപനദിനവുമാണ്. ഗുരുദേവൻ ബോധാനന്ദ സ്വാമികളെ അഭിഷേകം ചെയ്തത് സെപ്റ്റംബർ 27നാണ്. അഭിഷേക ശതാബ്ദിക്ക് മൂന്ന് ദിവസങ്ങളിലായി നൂറു ശിഷ്യന്മാരെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തും.ഗുരുദേവൻ ബോധാനന്ദ സ്വാമികളെ അനന്തരഗാമിയായി അഭിഷേകം ചെയ്ത വേളയിൽ സത്യവ്രതസ്വാമി, സഹോദരൻ അയ്യപ്പൻ തുടങ്ങിയവർ പ്രഭാഷണങ്ങൾ നടത്തിയിരുന്നു.ത്രിദിന പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത് പ്രഭാഷണം നടത്താൻ താല്പ്പര്യമുള്ളവർ ശിവഗിരി മഠത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഏത് ഗുരുദേവ ശിഷ്യനെക്കുറിച്ചാണ് പ്രഭാഷണമെന്ന വിവരം മുൻകൂട്ടി മഠത്തില്‍ അറിയിക്കണം..ഏറ്റവും നല്ല പ്രഭാഷണത്തിന് മഠത്തിൽ നിന്നും സർട്ടിഫിക്കറ്റും അവാർഡും നല്‍കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,ട്രഷറർ സ്വാമിശാരദാനന്ദ , പ്രഭാഷണ കമ്മിറ്റി കൺവീനർ സ്വാമി അസംഗാനന്ദഗിരി എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് കൺവീനർ, ബോധാനന്ദ സ്വാമി അഭിഷേക ശതാബ്ദി കമ്മിറ്റി, ശിവഗിരി മഠം, വർക്കല. ഫോൺ: 7012721492, 9447431833, 9496504181. ഇമെയിൽ: sivagirimutt@gmail.com.