കാടുകുറ്റി: കക്കാട് പാടശേഖരത്തിൽ പുല്ല് ഉണക്കുന്നതിന് മാരക കീടനാശിനി തെളിച്ചതായി ആരോപണം. കക്കാട് നമ്പർ വൺ പാടശേഖരത്തിലെ മൂന്നര ഏക്കർ സ്ഥലത്താണ് കൃഷി വകുപ്പ് നിരോധിച്ച റൗണ്ട് അപ്പ് എന്ന കീടനാശിനി തെളിച്ചതായി പരാതി ഉയർന്നത്. കഴിഞ്ഞദിവസം ഇതു പ്രയോഗിച്ചതോടെ പ്രദേശത്തെ മുഴുവൻ പുല്ലുകളും ഉണങ്ങി തുടങ്ങി.
സ്വകാര്യ വ്യക്തികൾ പാട്ടത്തിന് നൽകിയിരിക്കുന്ന ഭൂമിയിൽ ഉടൻ പച്ചക്കറി കൃഷി തുടങ്ങാൻ ഇരിക്കുകയാണ്. ഇതിന്റെ മുന്നോടിയായാണ് കീടനാശിനി പ്രയോഗമെന്ന് പറയുന്നു. വീര്യമേറിയ വിഷാംശം കലർന്ന കീടനാശിനി വർഷങ്ങളോളം ഇവിടെ വളരുന്ന പച്ചക്കറി വിളകളെ ഗുരുതരമായി ബാധിക്കുമെന്ന് പറയുന്നു.
തൊട്ടടുത്ത് അതിഥി തൊഴിലാളികളായ 120ഓളം പേർ താമസിക്കുന്ന ലയങ്ങളുമുണ്ട്. ഇതിൽ നവജാത ശിശുക്കളും ഗർഭിണികൾ അടങ്ങുന്ന കുടുംബങ്ങളും ഉൾപ്പെടും. ഇവർക്കെല്ലാം കീടനാശിനി മാരക ദുരിതം വരുത്തുമെന്നാണ് ആശങ്ക ഉയരുന്നത്. ഇത് സംബന്ധിച്ച് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കർഷകനുമായ വേണു കണ്ടരുമഠത്തിൽ കൃഷി ഓഫീസർക്ക് പരാതി നൽകി. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.